കേരളത്തിന്റെ അഭിമാനമായി മാറാനൊരുങ്ങുന്ന സ്പേസ് പാർക്ക് സിഎഫ്സിക്കും ആർഡിസിക്കും നിർമാണ തുടക്കമായി തറക്കല്ലിട്ടു.
പുതുസംരംഭകർക്കും യുവതലമുറ സ്റ്റാർട്ടപ്പുകൾക്കും ഉപകരിക്കും വിധമാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. സംരംഭകർക്ക് നൈപുണ്യ വികസനം, പ്രോട്ടോടൈപ്പിങ്, കൺസൾട്ടൻസി എന്നിവയ്ക്കായി ടെക്നോസിറ്റിയിൽ 9.54 ഏക്കറിൽ MSME അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ടെക്നോളജി സെന്റർ പദ്ധതിക്കൊപ്പമുണ്ട്.
ബഹിരാകാശരംഗത്തെ വ്യവസായസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് സ്പേസ് പാർക്ക് ലക്ഷ്യമിടുന്നത്. അവശ്യമായ വ്യാവസായിക ഉൽപ്പന്നങ്ങളുടെ വിതരണവും സംരഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 250 കോടി രൂപയുടെ അഡ്വാൻസ്ഡ് സ്പേസ് ഇനീഷ്യേറ്റീവ് തുടങ്ങാനും ഉദ്ദേശിക്കുന്നു.

സംസ്ഥാനത്തിന്റെ വ്യവസായ – ബഹിരാകാശ ഗവേഷണ രംഗത്തിന് സ്പേസ് പാർക്ക് ഊർജം പകരുമെന്ന് സ്പേസ് പാർക്ക് കോമൺ ഫെസിലിറ്റി സെന്ററിനും (സിഎഫ്സി) റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിനും (ആർഡിസി) കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. ബഹിരാകാശ മേഖലയിലെ അറിവുകൾ സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുത്തണം എന്നും മുഖ്യമന്ത്രി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു.
പള്ളിപ്പുറം ടെക്നോസിറ്റിയിൽ 3.5 ഏക്കറിൽ നബാർഡ് സാമ്പത്തിക പിന്തുണയോടെ രണ്ടു ലക്ഷം ചതുരശ്രയടിയിലാണ് നിർമാണം. 30 മാസത്തിൽ സ്പേസ് പാർക്ക് നിർമാണം പൂർത്തിയാക്കും.
സ്പേസ് പാർക്കിന്റെ പ്രവർത്തനം കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനു പുറമേ ആറ് ഉപകേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട് . തിരുവനന്തപുരം, കൊച്ചി, പള്ളിപ്പുറം ടെക്നോസിറ്റി, തോന്നയ്ക്കൽ, വേളി, വലിയമല എന്നിവിടങ്ങളിലാണ് ഉപകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്. സംരംഭകർക്ക് നൈപുണ്യ വികസനം, പ്രോട്ടോടൈപ്പിങ്, കൺസൾട്ടൻസി എന്നിവയ്ക്കായി ടെക്നോസിറ്റിയിൽ 9.54 ഏക്കറിൽ എംഎസ്എംഇ അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ടെക്നോളജി സെന്റർ, തോന്നയ്ക്കലിൽ എയ്റോസ്പേസ് കോമ്പോസിറ്റ്സ് സെന്റർ, വേളിയിൽ 60 ഏക്കറിൽ എയ്റോസ്പേസ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്സ്, വലിയമലയ്ക്കു സമീപം ലിക്വിഡ് പ്രൊപ്പൽഷൻ ആൻഡ് അലൈഡ് സിസ്റ്റംസ് കോംപ്ലക്സ്, കൊച്ചിയിൽ എയ്റോസ്പേസ് ഇൻഡസ്ട്രി ക്ലസ്റ്റർ, തിരുവനന്തപുരത്ത് ഇന്റഗ്രേറ്റഡ് ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്ക് (ഐഡിഐപി) എന്നിവയാണ് ഉപകേന്ദ്രങ്ങൾ.
ടെക്നോസിറ്റിയിൽ നിർമിക്കുന്ന സിഎഫ്സി, ആർഡിസി എന്നിവയ്ക്കു പുറമെയുള്ള പതിനഞ്ച് ഏക്കർ സ്ഥലം ഈ രംഗത്തെ നിക്ഷേപകർക്ക് അനുവദിക്കും. നിലവിൽ 58 കമ്പനികൾ സ്പേസ് പാർക്കിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്, 11 പ്രമുഖ അക്കാദമിക്, ഗവേഷണ വികസന സ്ഥാപനങ്ങൾ ഔദ്യോഗിക പങ്കാളികളാണ്.
വിഎസ്എസ്സി, ഡിജിറ്റൽ സർവകലാശാല, അസാപ് കേരള, ഐസിടി അക്കാദമി, അനന്ത് ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളുമായി വിവിധ പദ്ധതികൾക്കുള്ള ധാരണപത്രങ്ങളുണ്ട്. ഐഐഎസ്ടി, എൽപിഎസ്സി, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ്, സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്സ് ഇന്ത്യ, കേരള സർവകലാശാല എന്നിവയുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും പരിഗണനയിലാണ്.