സന്ദർശകർക്ക് സൂപ്പർതാരം മോഹൻലാലിന്റെ ഊട്ടിയിലെ ആഢംബര വസതിയിൽ താമസിക്കാൻ അവസരമൊരുങ്ങിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആഢംബര ബംഗ്ലാവിന് 37000 രൂപയാണ് ഡേ-നൈറ്റ് വാടക എന്നായിരുന്നു റിപ്പോർട്ട്. സംഭവം ശ്രദ്ധ നേടിയതോടെ സമൂഹമാധ്യമങ്ങളിൽ രസകരമായ കമന്റുകളും നിറയുകയാണ്.
ഹൈഡ്എവേ എന്ന കൊളോണിയൽ മാതൃകയിലുള്ള വില്ല സ്വകാര്യ വെബ്സൈറ്റാണ് വാടകയ്ക്ക് നൽകുന്നത്. മൂന്ന് കിടപ്പുമുറികളും വിശാലമായ ഉദ്യാനവും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയ വില്ലയാണിത്. പത്തുവർഷം മാത്രം പഴക്കമുള്ള ബംഗ്ലാവിലേക്ക് ഊട്ടിയിൽനിന്ന് 15 മിനിറ്റ് യാത്ര ചെയ്താൽ എത്തിച്ചേരാനാകും. വില്ലയുടെ വാടക കുറച്ചു കുറഞ്ഞുപോയോ എന്നും റൗണ്ടാക്കി 50000 രൂപ ആക്കാമായിരുന്നില്ലേ എന്നുമാണ് ചിലർ സമൂഹമാധ്യമത്തിൽ കമന്റ് ചെയ്തിരിക്കുന്നത്.
മാസ്റ്റർ ബെഡ്റൂം അടക്കം മൂന്ന് കിടപ്പുമുറികളാണ് വില്ലയിലുള്ളത്. ഒപ്പം ലിവിങ് റൂം, ഡൈനിങ് റൂം, ഫാമിലി റൂം, ടിവി ഏരിയ തുടങ്ങിയവയും ഉണ്ട്. ‘മരക്കാർ അറബിക്കടലിന്റെ സിംഹം’, ‘ബറോസ്’ തുടങ്ങിയ ചിത്രങ്ങളിൽ ഉപയോഗിച്ച തോക്കുകളുടെ പകർപ്പുകളുള്ള ഗൺ ഹൗസാണ് മറ്റൊരു സവിശേഷത. വിശാലമായ ഉദ്യാനവും താമസക്കാർക്ക് ഉപയോഗിക്കാനാകും. ഇതിനെല്ലാം പുറമേ 25 വർഷത്തോളം മോഹൻലാലിനും കുടുംബത്തിനുമൊപ്പം പ്രവർത്തിച്ച പേഴ്സണൽ ഷെഫിന്റെ സേവനവും താമസക്കാർക്ക് ലഭ്യമാകും.
ഈ സൗകര്യങ്ങളും പ്രത്യേകതയുമെല്ലാം 37000 രൂപയ്ക്ക് ലാഭമാണ് എന്നാണ് ചില നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. സ്വാഭാവികമായും ചിലർ സംഭവത്തെ വിമർശിച്ചും ഉയർന്ന വാടകയാണെന്ന് പറഞ്ഞും രംഗത്തെത്തിയിട്ടുമുണ്ട്.
Mohanlal’s luxurious Ooty villa, Hideaway, is now available for rent at ₹37,000 per night, sparking online discussions about its value and unique amenities.