ഇന്ന് (ജൂൺ 21) ലോകം അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്ന ആശയവുമായാണ് ഈ വർഷത്തെ യോഗ ദിനം ആചരിക്കുന്നത്. 11ആമത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വർഷത്തേത്. ആരോഗ്യം, വെൽനെസ് എന്നിവയ്ക്കൊപ്പം യോഗയ്ക്ക് ഏറെ ബിസിനസ് സാധ്യതകളും ഉണ്ട്. അത്തരത്തിൽ, സംരംഭം എന്ന നിലയ്ക്ക് യോഗയെ മാറ്റിയ ചില കമ്പനികൾ നോക്കാം.

യോഗ ആക്സസറീസ് വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് ജൂരു യോഗ പ്രൈവറ്റ് ലിമിറ്റഡ് (JURU Yoga). ചെന്നൈ ആസ്ഥാനമായുള്ള കമ്പനി 2016ലാണ് ആരംഭിച്ചത്. കമ്പനി വെബ്സൈറ്റ് ആയ juruyoga.com വഴി യോഗ മാറ്റുകൾ, പ്രോപ്പ്സ് ആൻഡ് പില്ലോസ്, ബോൾസ്റ്ററുകൾ, നെഡറ്റേഷൻ പ്രോപ്പ്സ്, മാറ്റ് ബാഗുകൾ, യോഗ സംബന്ധിച്ച പുസ്തകങ്ങൾ തുടങ്ങിയവ വാങ്ങാം. സ്ഥാപനങ്ങൾക്കും യോഗ സ്റ്റുഡിയോകൾക്കുമായി കസ്റ്റമൈസ്ഡ് യോഗ ഉത്പന്നങ്ങളും കമ്പനി ലഭ്യമാക്കുന്നു.
കേരളത്തിലേക്കെത്തുന്ന സന്ദർശകരെ വെൽനസ് റിട്രീറ്റുകളുമായി ബന്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് വെൽനെസ് ലോക (WellnessLoka). ആയുർവേദം, യോഗ, ധ്യാന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനും ബുക്ക് ചെയ്യുന്നതിനുമുള്ള പ്ലാറ്റ്ഫോമാണിത്. വെൽനെസ്, ഹീലിങ്, യോഗ എന്നിവയിലെ 25ലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ പ്ലാറ്റ്ഫോം വഴി കണ്ടെത്താം. wellnessloka.com എന്ന വെബ്സൈറ്റിൽ റീട്രീറ്റ് ടൈപ്പ്, ഡെസ്റ്റിനേഷൻ, എത്ര ദിവസത്തേക്ക്, സന്ദർശകരുടെ എണ്ണം എന്നിവ നൽകിയാൽ ആ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടം ലിസ്റ്റ് ലഭിക്കും. അതിലെ വിവരങ്ങൾ വെച്ച് ബുക്ക് ചെയ്യാനാകും.
യോഗ എന്നത് ഒരു ജീവിതരീതിയാണ് എന്നതിൽ നിന്നാണ് ഫോർട്ട് കൊച്ചിയിലെ ലവിങ് ഏർത്ത് യോഗ കഫേ (LOVING EARTH YOGA CAFE) ആരംഭിക്കുന്നത്. ലവിങ് ഏർത്ത് യോഗ കഫേ ഓർഗാനിക് ഷോപ്പുകൾ, കഫേകൾ, യോഗ കമ്മ്യൂണിറ്റികൾ തുടങ്ങിയ ഇടങ്ങളിലേക്ക് വീഗൻ ഭക്ഷണ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ചെറുസംരംഭമായാണ് ആരംഭിച്ചത്. പിന്നീട് അത് നൂറിലധികം വിഭവങ്ങൾ വിളമ്പുന്ന കഫേ ആയി വളർന്നു. ഒപ്പം ഗാർളിക് ക്രീം, പീനട്ട് ബട്ടർ, കാഷ്യൂ ചീസ് എന്നിങ്ങനെയുള്ള വീഗൻ പാൻട്രിയിലും കഫേ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനുപുറമേ യോഗ പരിശീലനവും റീട്രീറ്റുകളും ലവിങ് ഏർത്ത് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് lovingearthyogacafe.com സന്ദർശിക്കാം.
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫിറ്റ്നസ് കമ്യൂണിറ്റി എന്നവകാശപ്പെടുന്ന പ്ലാറ്റ്ഫോമാണ് ഫിറ്റർ (FITTR). ഫിറ്റ്നസ് മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ള ഏറ്റവും മികച്ച ഇടം എന്നാണ് കമ്പനി വിശേഷിപ്പിക്കപ്പെടുന്നത്. വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫിറ്റർ ഉപയോഗിക്കാം. യോഗ പരിശീലനത്തിനു പുറമേ ഫിറ്റ്നസ് കോച്ചിനെ കണ്ടെത്തുക, ന്യൂട്രീഷനിസ്റ്റിനെ കണ്ടെത്തുക, ഓൺലൈൻ ട്രെയിനിങ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. ആപ്പിൽ ഓൺലൈൻ യോഗയ്ക്കായി പ്രത്യേക ലൈബ്രറിയും ഉണ്ട്.
Explore how companies like JURU Yoga, WellnessLoka, Loving Earth Yoga Cafe, and FITTR are turning International Yoga Day into successful business opportunities.