ഇസ്രായേലും ഇറാനും തമ്മിൽ സമ്പൂർണ്ണ വെടിനിർത്തൽ പ്രഖ്യാപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ മിഡിൽ ഈസ്റ്റിൽ രണ്ടാഴ്ചയോളമായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരും എന്നാണ് സൂചന. യുഎസ്സിന്റെ മധ്യസ്ഥതയിൽ നടപ്പിലാക്കിയ വെടിനിർത്തൽ 24 മണിക്കൂറിനുള്ളിൽ ഘട്ടം ഘട്ടമായി പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ട്.

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഖത്തറിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് യുഎസ് റിപ്പോർട്ട് ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോം വഴി വെടിനിർത്തൽ പ്രഖ്യാപനം.
രണ്ട് ഘട്ടങ്ങളിലായി സമ്പൂർണ വെടിനിർത്തലിന് ഇറാനും ഇസ്രായേലും സമ്മതം അറിയിച്ചതായാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ ആദ്യം വെടിനിർത്തൽ നടത്തും. തുടർന്ന് 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിർത്തും എന്നാണ് വിശദീകരണം.
ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ നടന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾക്ക് പിന്നാലെ, ഇറാനുമായുള്ള വെടിനിർത്തൽ കരാറിന് മധ്യസ്ഥത വഹിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീറിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇറാൻ ആക്രമണം അവസാനിപ്പിക്കും എന്ന വ്യവസ്ഥയിൽ ഇസ്രായേൽ വെടിനിർത്തലിന് സമ്മതിച്ചതായി വൈറ്റ് ഹൗസ് പ്രതിനിധികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പോലുള്ള മാധ്യമ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനും സമാനമായ പ്രതികരണമാണ് സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്. നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
US President Donald Trump announced a complete ceasefire between Israel and Iran, mediated by the US and Qatar. The phased ceasefire, set to begin within 24 hours, aims to de-escalate two weeks of Middle East tensions following recent attacks.