ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കാര്‍ഷിക സമൂഹത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, കൃഷി വകുപ്പിന് കീഴിലുള്ള ‘കേര’ പദ്ധതിയുമായി ധാരണാപത്രം ഒപ്പിട്ടു.
ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ കെഎസ്യുഎം സിഇഒ അനൂപ് അംബികയും കേര അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ പി വിഷ്ണുരാജ് എന്നിവര്‍ ഒപ്പുവച്ചു.

സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണ് ‘കേര’ – കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയിന്‍ മോഡേണൈസേഷന്. സംസ്ഥാനത്തുടനീളമുള്ള 150 കാര്‍ഷികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെ ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി 40,000 കര്‍ഷകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ലഭ്യമാകും.
ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് കേര പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാദേശിക കര്‍ഷകരേയും കാര്‍ഷിക-ഭക്ഷ്യ സംരംഭങ്ങളേയും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ വീതം ഗ്രാന്റ് ലഭിക്കും. ‘പെര്‍ഫോമന്‍സ് ബെയിസ്ഡ് കണ്ടീഷന്‍’ (പിബിസി ) ചട്ടക്കൂട് പാലിച്ചാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുക.
പ്രാരംഭഘട്ടത്തില്‍ ഉത്പന്ന വികസനത്തിനായി മാത്രം 20 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭ്യമാക്കും. ആശയ-ഗവേഷണ വികസനം, ഉത്പന്നങ്ങളുടെ നിര്‍മ്മാണം, പരിശോധന, സാങ്കേതിക വാണിജ്യവല്‍ക്കരണം, നിലവിലുള്ള സൗകര്യങ്ങളുടെ വികസനം, ബിസിനസ് മൂലധനം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായാണ് 20 ലക്ഷം രൂപ ആദ്യഘട്ടത്തില്‍ നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവിദ്യാധിഷ്ഠിത ഉത്പന്നങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കഴിഞ്ഞാല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം തുടങ്ങിയവ മുന്നില്‍ക്കണ്ട് ഗ്രാന്റ് തുകയില്‍ ബാക്കിയുള്ള 5 ലക്ഷം നല്‍കും.
കെഎസ്യുഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്റ്റാര്‍ട്ടപ്പുകളുടെ തിരഞ്ഞെടുപ്പ്, മാര്‍ഗനിര്‍ദ്ദേശം നല്കല്, ഗ്രാന്റ് വിനിയോഗം നിരീക്ഷിക്കല്‍, കര്‍ഷകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്നത് ഉറപ്പാക്കല്‍ തുടങ്ങിയവയ്ക്ക് മേല്‍നോട്ടം വഹിക്കും.
സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കുന്നതിനൊപ്പം പിബിസി മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്രാന്റ് ലഭ്യമാക്കുന്നതിലൂടെ മികച്ച ആശയങ്ങളും ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. നിശ്ചിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പദ്ധതിത്തുക എങ്ങനെ വിനിയോഗിക്കണമെന്നതില്‍ തീരുമാനമെടുക്കാന്‍ പദ്ധതി നടപ്പിലാക്കുന്ന ഏജന്‍സിയ്ക്ക് ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥ, ഭൂമിശാസ്ത്രം, സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ എന്നിവ സംസ്ഥാനത്തെ കാര്‍ഷിക, ഭക്ഷ്യ മേഖലകളില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിന് പ്രാദേശിക കര്‍ഷകരുടെയും കാര്‍ഷിക-ഭക്ഷ്യ സംരംഭങ്ങളുടെയും ആവശ്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം രൂപകല്പന ചെയ്ത നൂതനപരിഹാരങ്ങള്‍ ആവശ്യമാണെന്നും അഗ്രി-സ്റ്റാര്‍ട്ടപ്പുകളുടെ നൂതന സാങ്കേതികവിദ്യകള്‍ കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേര അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ പി. വിഷ്ണുരാജ് പറഞ്ഞു.
കേര പദ്ധതിയുടെ ലക്ഷ്യങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളിലേക്ക് എത്തിക്കുന്നതിനായി അവബോധ പരിപാടികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം, ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ലാബുകള്‍, സ്റ്റാര്‍ട്ടപ്പ് ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് സഹായകമായ ശില്പശാലകള്, പിച്ചിംഗ് ഇവന്റുകള്‍, കാര്‍ഷിക സംരംഭകരുമായി സംവദിക്കാനുള്ള അവസരം തുടങ്ങിയവ കെഎസ്യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കും.
താല്പര്യമുള്ള അഗ്രി ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്യുഎമ്മിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാകും.
With the aim of promoting the commercialization of the agri-food sector and integrating Kerala’s farming community into the startup ecosystem, Kerala Startup Mission has signed a Memorandum of Understanding (MoU) with the Department of Agriculture’s ‘KERA’ project.
In the initial phase, a grant of ₹20 lakhs will be provided exclusively for product development.