ഇന്ത്യയിൽ നിന്ന് വാങ്ങി ഉപയോഗിച്ചുകൊണ്ടിരുന്ന പപ്പടം തീർന്നു. പായ്ക്കറ്റിന് പുറത്തുള്ള പടം കണ്ടപ്പോൾ അത് പപ്പടം ഉണ്ടാക്കുന്ന ആളാണെന്ന് തോന്നി. ദിസ് ഗയ് മെയ്ക്ക്സ് ദ ബെസ്റ്റ് പപ്പടം, ആരെങ്കിലും ഇയാളുടെ കോണ്ടാക്റ്റ് തരുമോ കൂടുതൽ പപ്പടം ഓർഡർ ചെയ്യാനാണെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അത് മാത്രമേ ഫ്രെഡ്രിക്കെ (Frederikke) എന്ന ഡെൻമാർക്കുകാരി ചെയ്തുള്ളൂ. അവരുടെ ഇൻസ്റ്റഗ്രാമിൽ പിന്നെ പൊങ്കാല ആയിരുന്നു. കാരണം ആ പപ്പടക്കവറിലെ ഫോട്ടോ സാക്ഷാൽ അമിതാഭ് ബച്ചന്റെ ആയിരുന്നു. ബിക്കാജിയുടെ പപ്പടമായിരുന്നു അവർ കഴിച്ചത്. ബിക്കാജി പപ്പടത്തിന്റെ കവറിൽ കണ്ട ബ്രാൻഡ് ആംബാസിഡറായ അമിതാഭിനെ അവർ പപ്പടം ഉണ്ടാക്കിയ ആളായി തെറ്റിദ്ധരിക്കുകയായിരുന്നു. എന്തായാലും ഫ്രെഡ്രിക്കെയുടെ പോസ്റ്റ് വയറലായി. തുടർന്ന് ഇൻസ്റ്റാഗ്രാമിൽ വന്ന് അമിതാഭിന്റെ ഫാൻസ് കമന്റുകൊണ്ട് മൂടി.
ഇന്ത്യാ ഗേറ്റിൽ ബസുമതി അരി വളർത്തുന്ന ആളാണ് ഈ മനുഷ്യൻ എന്നും, ഇദ്ദേഹമാണ് എനിക്ക് പോളിയോ തുള്ളി മരുന്ന് നൽകിയതെന്നും ചിലർ കമന്റ് ചെയ്തു. മറ്റൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു- മുംബൈയിലെ കൊട്ടാര സദൃശമായ വീട്ടിലിരുന്നു അയാൾ തന്നെയാണ് കൈകൊണ്ട് ഓരോ പപ്പടവും പരത്തുന്നത്! പുള്ളിക്കാരനാണ് സോനാ പപ്പട് ഉണ്ടാക്കുന്നതെന്നും, ഇയാൾ പിവിസി പൈപ്പ് നിർമ്മാതാവാണെന്നും ബച്ചൻ ബ്രാൻഡ് അംബാസിഡറായ ഓരോ പരസ്യവും ഓർമ്മിപ്പിച്ച് നെറ്റിസൺസ് കമന്റിൽ കുറിച്ചു. എന്തായാലും പപ്പട പായ്ക്കറ്റിൽ കണ്ട മനുഷ്യൻ ആരാണെന്ന് ഫ്രെഡ്രിക്കയ്ക്ക് മനസ്സിലായിട്ടുണ്ടാകും, ജീവിതകാലം മുഴുവൻ ഓർക്കാൻ പാകത്തിന്!

A Danish influencer’s viral video mistaking Amitabh Bachchan for the maker of Bikaji papads sparked humorous online reactions, highlighting the actor’s deep roots in Indian pop culture.