ഇന്ന് വൈകിട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുമ്പോൾ ശുഭാംശു ശുക്ല ഐഎസ്എസ്സിലെത്തുന്ന (International Space Station) ആദ്യ ഇന്ത്യക്കാരനാകും. എന്റെ ചുമലിൽ പതിച്ചിരിക്കുന്ന ത്രിവർണ്ണ പതാക ഇന്ത്യയിലെ ജനങ്ങളാകെ എന്നോടൊപ്പമുണ്ടെന്ന തോന്നലുളവാക്കുന്നു എന്ന് ശുഭാംശു പറഞ്ഞു.
മുതിർന്ന ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിത്സൺ ആണ് ആക്സിയം 4-ന്റെ മിഷൻ കമാണ്ടർ. പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയുടെ ടൈബർ കപു എന്നിവരാണ് ശുഭാംശുവിനൊപ്പം ബഹിരാകാശ നിലയത്തിലേക്ക് പോയിരിക്കുന്നത്. വിക്ഷേപണത്തിന് 28 മണിക്കൂർ ശേഷമാണ് ശുഭാംശുവും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുക.14 ദിവസത്തെ ഐഎസ്എസ് വാസത്തിനിടെ 60-ഓളം ശാസ്ത്ര പരീക്ഷണങ്ങൾ സംഘം നടത്തും. മനുഷ്യന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ, ഭൂമി നിരീക്ഷണം എന്നിവ അതിൽ പ്രധാനമാണ്.

ചരിത്രപരമായ യാത്രയിൽ ഇന്ത്യക്കാരനായ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ളവരെ ബഹിരാകാശത്ത് വിട്ട് റോക്കറ്റ് ഫാൽക്കൺ 9 തിരികെ വന്നപ്പോൾ ഇന്ത്യയിലായിരുന്നു ആഘോഷം. കാരണം 41 വർഷങ്ങൾക്ക് ശേഷമാണ് ഒരിന്ത്യക്കാരൻ ബഹിരാകാശത്ത് എത്തുന്നത്. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച ആക്സിയം-4 ദൗത്യം, ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ അഭിമാനം വീണ്ടും ഉയർത്തും എന്ന് ഉറപ്പാണ്. എത്ര മനോഹരമായ യാത്രയാണ് (ക്യാ കമാൽ കി റൈഡ് ഹെ) എന്നാണ് ശുഭാംശു ശുക്ല ബഹിരാകാശത്ത് എത്തി ഭൂമിയുടെ ഓർബിറ്റിൽ വലയം ചെയ്ത് തുടങ്ങവേ പ്രതികരിച്ചത്.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ മിഷനിലേക്കുള്ള വിജയകരമായ ചുവടുവെയ്പായാണ് ശുഭാംശുവിന്റെ യാത്രയെ രാജ്യം കാണുന്നത്. തന്റെ ബഹിരാകാശ യാത്ര രാജ്യത്തെ യുവതലമുറയെ ആകെ പ്രചോദിപ്പിക്കാനാകണം എന്ന് ശുഭാംശു പറയുന്നു. ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ലൈവിൽ സംസാരിക്കും.
സാംസ്ക്കാരിക വിനിമയത്തിന്റെ ഭാഗമായി യാത്രികാരായ എല്ലാവരും അവരവരുടെ രാജ്യത്തെ ഭക്ഷണവും ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. റൈസും, കറിയും മാമ്പഴച്ചാറും ശുഭാംശു മറ്റ് യാത്രികരുമായി പങ്കുവെക്കും. ഹംഗറിയിൽ നിന്നും പോളണ്ടിൽ നിന്നുമുള്ള ഭക്ഷണവും ബഹിരാകാശത്തേക്ക് അതാത് രാജ്യക്കാർ കരുതിയിട്ടുണ്ട്.
Group Captain Shubhanshu Shukla makes history as the first Indian to reach the International Space Station (ISS), marking a significant milestone for India’s space exploration efforts and paving the way for the Gaganyaan mission.