അടുത്തിടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) എക്സിക്യൂട്ടീവ് ഡയറക്ടറായി മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനി നിയമിതനായത്. റിലയൻസിന്റെ സക്സഷൻ പ്ലാനിലെ പ്രധാന ചുവടുവെയ്പ്പായാണ് ഈ നിയമനം കണക്കാക്കപ്പെടുന്നത്. ഇതോടെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയ്ക്ക് ആനന്ദിനു ലഭിക്കുന്ന ശമ്പളക്കണക്കും ശ്രദ്ധ നേടുകയാണ്.

ബിസിനസ് ടുഡേ റിപ്പോർട്ട് പ്രകാരം എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന പുതിയ റോളിന്റെ ഭാഗമായി 10 കോടി മുതൽ 20 കോടി രൂപ വരെ വാർഷിക ശമ്പളമാണ് ആനന്ദിനു ലഭിക്കുക. സാലറി, അലവൻസുകൾ തുടങ്ങിയവ അടക്കമാണ് ഈ തുക. ഇതിനുപുറമേ പ്രോഫിറ്റ് ലിങ്ക്ഡ് കമ്മീഷൻ ഇനത്തിലും നിരവധി എക്സിക്യൂട്ടീവ് ആനുകൂല്യങ്ങളുമായി അദ്ദേഹത്തിനു വൻ തുക ലഭിക്കും.

കഴിഞ്ഞ വർഷം ആനന്ദും സഹോദരൻ ആകാശും സഹോദരി ഇഷയും ആർ‌ഐ‌എൽ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിതരായിരുന്നു. റിലയൻസിന്റെ സക്സഷൻ പ്ലാനിന്റെ ഭാഗമാണ് നിയമനമെന്ന് ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഇവർക്ക് ശമ്പളത്തിന് അർഹതയുണ്ടായിരുന്നില്ല. പകരം 2023–24 സാമ്പത്തിക വർഷത്തേക്ക് ₹4 ലക്ഷം സിറ്റിംഗ് ഫീസും ₹97 ലക്ഷം കമ്മീഷനുമായിരുന്നു ലഭിച്ചിരുന്നത്.

2020 മുതൽ ജിയോ പ്ലാറ്റ്ഫോംസിന്റേയും 2022 മുതൽ റിലയൻസ് വെൻച്വർ, റിലയൻസ് ന്യു എനർജി എന്നീ കമ്പനികളുടെ ചുമതലയും ആനന്ദ് ഏറ്റെടുത്തിരുന്നു. 2022 മുതൽ റിലയൻസ് ഫൗണ്ടേഷനിലും അദ്ദേഹം അംഗമാണ്. ആകാശ് അംബാനി നിലവിൽ ജിയോ ഇൻഫോകോമിന്റെ ചെയർമാനായും ഇഷ അംബാനി റിലയൻസ് റീടെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടരായും പ്രവർത്തിക്കുന്നു.

Share.

Comments are closed.

Exit mobile version