നിരവധി പുതിയ മാറ്റങ്ങളോടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ പാതയിലാണ് കെഎസ്ആർടിസി. ട്രാവൽ കാർഡ്, ചലോ ആപ്പ്, ടിക്കറ്റ് എടുക്കാൻ ഗൂഗിൾ പേ, ഹാജർ രേഖപ്പെടുത്താൻ ഫെയ്സ് ആപ്പ് എന്നിങ്ങനെ യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന നിരവധി ഡിജിറ്റൽ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ നടപ്പിലാകുന്നത്.

കെഎസ്ആർടിസിയുടെ റീ ചാർജ് ചെയ്യാവുന്ന ഡിജിറ്റൽ ട്രാവൽ കാർഡിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. യാത്രക്കാർക്ക് ചില്ലറ പ്രശ്നമില്ലാതെ ബസിൽ കയറാം എന്നതാണ് ട്രാവൽ കാർഡിന്റെ ഏറ്റവും വലിയ സവിശേഷത. 100 രൂപ വിലയുള്ള ട്രാവൽ കാർഡിൽ 50 രൂപ മുതൽ 3,000 രൂപയ്ക്ക് വരെ റീചാർജ് ചെയ്യാനാകും. പൂർണ്ണമായും കൈമാറ്റം ചെയ്യാനാകുന്ന കാർഡ് കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉപയോഗിക്കാം. കണ്ടക്ടറെ സമീപിച്ചും ചലോ ആപ് വഴിയും കാർഡ് റീ ചാർജ് ചെയ്യാം. അംഗീകൃത ഏജന്റുമാർ വഴിയും കെഎസ്ആർടിസി ഡിപ്പോയിലും കാർഡ് ലഭ്യമാണ്. ബസിൽ കയറുമ്പോൾ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്താൽ ടിക്കറ്റ് ചാർജ് ഓട്ടോമാറ്റിക്കായി കാർഡിൽ നിന്ന് കുറയും. ടിക്കറ്റ് മെഷീനിൽ കാർഡിന്റെ ബാലൻസ് അറിയാനും സാധിക്കും.
ബസ്സുകളിൽ ജിപിഎസ് സൗകര്യം ഏർപ്പെടുത്തിയുള്ള ചലോ ആപ്പ് സംവിധാനമാണ് ഡിജിറ്റൽ മാറ്റത്തിലെ മറ്റൊരു നാഴികക്കല്ല്. ലൈവ് ട്രാക്കിംഗ്, സീറ്റ് ഒഴിവ് തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ അറിയാൻ സാധിക്കും. ഇതിനു പുറമേ ഗൂഗിൾ പേ സംവിധാനവും കെഎസ്ആർടിസി യാഥാർത്ഥ്യമായിരിക്കുകയാണ്. കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റിനുള്ള പണം നൽകാൻ കഴിയും.
കെഎസ്ആർടിസി ജീവനക്കാരുടെ ഹാജർനില രേഖപ്പെടുത്താൻ പഞ്ചിങ്ങിന് പകരം ‘ഫെയ്സ് ആപ്പ്’ നിലവിൽവന്നതും ഡിജിറ്റൽ മാറ്റത്തിൽ പ്രധാനമാണ്. ഓഫീസിലെത്തിയാൽ മൊബൈൽ ആപ്പ് തുറന്ന് മുഖം ക്യാമറയിൽ പതിച്ച് ഹാജർ രേഖപ്പെടുത്താം. ഓഫീസിനു സമീപത്തു മാത്രമേ ഈ സംവിധാനം പ്രവർത്തിക്കുകയുള്ളൂ.
KSRTC is undergoing a major digital transformation with innovations like the rechargeable digital Travel Card, the Chalo App for live tracking, Google Pay for ticket payments, and a Face App for employee attendance.