കോറേഗാവ് മോത്തിലാൽ നഗർ കോളനി പുനർവികസനത്തിനായി മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുമായി (MHADA) കരാർ ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ മുംബൈയിലെ മൂന്നാമത്തെ പ്രധാന പുനർവികസന പദ്ധതിയാണിത്. ധാരാവി ചേരി പുനർനിർമാണം, ബാന്ദ്ര പദ്ധതി എന്നിവയ്ക്കു ശേഷമാണ് അദാനി മുംബൈയിൽ മറ്റൊരു സുപ്രധാന റിയൽ എസ്റ്റേറ്റ് പദ്ധതിയിലേക്ക് കടക്കുന്നത്.

മുംബൈയിലെ ഏറ്റവും വലിയ ഭവന പുനർവികസന പദ്ധതികളിൽ ഒന്നായ മോത്തിലാൽ നഗർ പദ്ധതിക്ക് ₹36000 കോടി രൂപ ചിലവാണ് കണക്കാക്കപ്പെടുന്നത്. 142 ഏക്കറിലുള്ള പദ്ധതിയുടെ നിർമ്മാണ, വികസന (C&D) ഏജൻസിയായാണ് അദാനി ഗ്രൂപ്പിനെ ഔദ്യോഗികമായി നിയമിച്ചിരിക്കുന്നത്. നേരത്തെ കമ്പനി ധാരാവി പുനർവികസനത്തിനും ബാന്ദ്ര റിക്ലമേഷനിലും 17 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു.
നിർമ്മാണ, വികസന മാതൃകയിലൂടെ നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പുനർവികസന പദ്ധതിയാണ് മോത്തിലാൽ നഗറിലേതെന്ന് എംഎച്ച്എഡിഎ വൈസ് പ്രസിഡന്റും സിഇഒയുമായ സഞ്ജീവ് ജയ്സ്വാൾ പറഞ്ഞു. എംഎച്ച്എഡിഎയ്ക്ക് കീഴിലുള്ള 3372 റെസിഡൻഷ്യൽ യൂണിറ്റുകളും, 328 വാണിജ്യ യൂണിറ്റുകളുമാണ് പദ്ധതിയിൽ ഉൾപ്പെടുക. രാജ്യത്തെ ഏറ്റവും മികച്ച പുനർവികസന പദ്ധതിയായി ഇതിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അത്യാധുനിക അപ്പാർട്ടുമെന്റുകളിലേക്ക് താമസക്കാരെ സൗജന്യമായി പുനരധിവസിപ്പിക്കും. പുനർവികസനത്തിലൂടെ ഡെവലപ്പറിൽ നിന്ന് 397,100 ലക്ഷം ചതുരശ്ര മീറ്റർ നിർമ്മിത പ്രദേശം എംഎച്ച്എഡിഎയ്ക്ക് ലഭിക്കും. ഇത് എംഎച്ച്എഡിഎയുടെ ഹൗസിങ് സ്റ്റോക്കിനെ വർദ്ധിപ്പിക്കും. അഞ്ച് ഏക്കർ വിസ്തൃതിയുള്ള സെൻട്രൽ പാർക്കാണ് പദ്ധതിയുടെ പ്രധാന സവിശേഷത. താമസക്കാരുടെ പുനരധിവാസത്തിന് മുൻഗണന നൽകുന്നതിനൊപ്പം മികച്ച ഗതാഗത, മൊബിലിറ്റി ആസൂത്രണവും രൂപകൽപനയിലുണ്ട്. എംഎച്ച്എഡിഎയുടെ കണക്കനുസരിച്ച് മോത്തിലാൽ നഗർ 1, 2, 3 എന്നിവിടങ്ങളിൽ നിലവിൽ 3700 ടെൻമെന്റുകളാണ് ഉള്ളത്. ഏകദേശം 584100 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുനരധിവാസം. പുനരധിവാസ യൂണിറ്റുകളുടെ നിർമ്മാണം ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും എംഎച്ച്എഡിഎ പ്രസ്താവനയിൽ പറഞ്ഞു.
പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി അദാനി ഗ്രൂപ്പ് അന്താരാഷ്ട്ര കൺസൾട്ടന്റുമാരെയാണ് നിയോഗിച്ചിരിക്കുന്നത്. നെതർലാൻഡ്സ് ആസ്ഥാനമായുള്ള ആർക്കിടെക്ചർ സ്ഥാപനമായ മെക്കാനൂ ആണ് സമഗ്ര മാസ്റ്റർ പ്ലാൻ വികസിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിൽ വൈദഗ്ദ്ധ്യമുള്ള ലണ്ടൻ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനമായ ബ്യൂറോ ഹാപ്പോൾഡാണ് ഇൻഫ്രാസ്ട്രക്ചർ പ്ലാനിങ് നടത്തിയത്. പുനരധിവാസ പദ്ധതിക്ക് കീഴിലുള്ള റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ സോളാർ പാനലുകളും സജ്ജീകരിക്കും.
Adani Group secures a ₹36,000 crore agreement with MHADA to redevelop Motilal Nagar in Mumbai, offering free modern apartments to 3,372 families and marking its third major real estate project in the city.