സംസ്ഥാന ഗവൺമെന്റ് തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പേസ് (BrahMos Aerospace Ltd) കൊച്ചിയിലേക്ക് മാറ്റാൻ സാധ്യത. കളമശ്ശേരി എച്ച്എംടി ക്യാമ്പസ്സിലെ നൂറ് ഏക്കർ ഭൂമിയിലേക്ക് ബ്രഹ്മോസ് എയ്റോസ്പേസ് മാറ്റാൻ പദ്ധതിയുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിർദിഷ്ട വിപുലീകരണം അടക്കമുള്ളവ കൊച്ചിയിൽ നടത്തും എന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരത്ത് നെയ്യാർ ഡാമിനടുത്തുള്ള നെട്ടുകാൽതേരിയിൽ പ്രതിരോധ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്ഥലം അനുവദിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ എച്ച്എംടി കാമ്പസിലെ ഭൂമി സർക്കാർ ഇതിനായി മാറ്റിവെയ്ക്കുമെന്ന് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. തുറന്ന ജയിലുള്ള നെട്ടുകാൽതേരി ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് നീക്കം.
എന്നാൽ ബ്രഹ്മോസ് തലസ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നെട്ടുകാൽതേരിയിൽ തന്നെ ബ്രഹ്മോസ് നിലനിർത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത് മിസൈൽ നിർമ്മാണ യൂണിറ്റായിരിക്കും. പദ്ധതിയെക്കുറിച്ചുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇതിൽ ഉടനടി തീരുമാനമുണ്ടാകുമെന്നും ഹനീഷ് പറഞ്ഞു. ഇങ്ങനെ പദ്ധതിയെക്കുറിച്ച് വ്യത്യസ്ത കാര്യങ്ങളാണ് വ്യവസായ മന്ത്രിയും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പറയുന്നത്.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ് കേന്ദ്ര സർക്കാർ നിയന്ത്രിത കമ്പനിയായ ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡ്. എന്നാൽ കമ്പനികളുടെ സ്ഥാനം, വിപുലീകരണം എന്നിവ അടക്കമുള്ളവയിൽ അതാത് സംസ്ഥാനങ്ങൾക്ക് പങ്കുണ്ട്. അതേസമയം, ബ്രഹ്മോസ് പ്രവർത്തനങ്ങൾ പൂർണ്ണമായും കേരളത്തിൽ നിന്ന് മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Kerala government is reportedly considering relocating BrahMos Aerospace from Thiruvananthapuram to 100 acres at HMT Campus in Kalamassery, Kochi, despite differing statements from officials.