കേന്ദ്ര തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ 600 മുതൽ 1000 കോടി രൂപയുടെ വരെ നഷ്ടമാണ് സംസ്ഥാനത്തിന് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഈ നഷ്ടം താങ്ങാവുന്നതല്ലെന്നും സാമ്പത്തിക വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നു. പൊതുഗതാഗത സംവിധാനങ്ങളെയാണ് പണിമുടക്ക് ഏറ്റവുമധികം ബാധിച്ചത്. പലയിടങ്ങളിലും പണിമുടക്ക് അനുകൂലികൾ ബസ്സുകൾ തടഞ്ഞു. കേരളത്തിലെ നിരവധി സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കേരളത്തിനു പുറമേ ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളെയാണ് പണിമുടക്ക് കാര്യമായി ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്.

10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് അർധരാത്രി മുതൽ 24 മണിക്കൂർ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ പങ്കുചേരുന്നതായാണ് അനൗദ്യോഗിക കണക്ക്. അതേസമയം, പണിമുടക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇത്തരം സമരങ്ങൾ കേരളത്തെ മാത്രമാണ് ബാധിക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളിലൊന്നും സമരമില്ലെന്നും നെറ്റിസൺസ് പറയുന്നു. ഈ സമരങ്ങൾ കേരളത്തിന് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിൽ ചെയ്യാനുള്ള സാഹചര്യം സംരക്ഷിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടതെന്ന് സമരത്തെ അനുകൂലിക്കാത്തവർ ചൂണ്ടിക്കാട്ടുന്നു. പാർലമെന്റ് സമിതികളിൽ ചർച്ച ചെയ്ത് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി കൂടിയാലോചിച്ചാണ് ദേശീയ തൊഴിൽ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിൽ എന്തിനോടാണ് എതിർപ്പ് എന്നു പറയാതെയാണ് സമരപ്രഖ്യാപനം എന്നാണ് ബിജെപിയുടെ ആരോപണം. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യമേഖലകളിൽ കടം വാങ്ങി ജീവിക്കുന്ന അവസ്ഥയിലാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റം നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുകയാണ്. ഇത്തരം സമരങ്ങൾ സാമ്പത്തിക മേഖലയെ പിന്നോട്ട് അടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
44 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ചുള്ള നിയമഭേദഗതി ചരിത്രപരമായ തീരുമാനമായിരുന്നു. എന്തിനാണ് പണിമുടക്ക് എന്നത് തൊഴിലാളി സംഘടനകൾ വിശദീകരിക്കണം. ജോലി ചെയ്യാൻ വരുന്നവർക്ക് ആവശ്യമായ സംരക്ഷണം സർക്കാർ നൽകണമെന്നും പണിമുടക്കിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം തൊഴിലാളി സംഘടനാ നേതാക്കളിൽ നിന്ന് ഈടാക്കണമെന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായം ഉന്നയിക്കുന്നു. പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുകയാണ് ഇവിടുത്തെ സർക്കാർ. അതേസമയം കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് 45 മാസത്തെ കുടിശിക നൽകാനുണ്ട്. ഇത് ഏകദേശം 10,000 കോടി രൂപ വരും. ഇതൊന്നും പരിഹരിക്കാതെയുള്ള അനാവശ്യ പണിമുടക്ക് പ്രതിസന്ധി രൂക്ഷമാക്കുമെന്നും ആളുകൾ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു.
Over 25 crore workers join Bharat Bandh today, July 9, demanding a wage hike and pension revival, while protesting new labour codes and privatisation policies across India