ഉപകരണങ്ങളുടെ തകരാറുകള്‍ മുന്‍കൂട്ടി കണ്ടെത്തി അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചു  സ്പെരീഡിയന്‍ ടെക്നോളജീസ് ഹാക്കത്തോണ്‍ 2025 ൽ (Speridian Technologies Hackathon )  ഒന്നാമതെത്തി സ്റ്റാർട്ടപ്പ് വൈറ്റല്‍വ്യൂ എഐ. (Vitalview AI).

സ്പെരീഡിയന്‍ ടെക്നോളജീസ് തിരുവനന്തപുരം ടെക്നോപാർക്കിൽ സംഘടിപ്പിച്ച ‘വണ്‍ എഐ ഹാക്കത്തോണ്‍ 2025’ ല്‍  കോളേജ് വിഭാഗത്തിൽ കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജും സ്റ്റാര്‍ട്ടപ്പ് വിഭാഗത്തിൽ വൈറ്റല്‍വ്യൂ എഐ യും വിജയികളായി. ആരോഗ്യ, നിര്‍മ്മാണ മേഖലകളില്‍ നൂതനമായ എഐ പരിഹാരങ്ങള്‍ അവതരിപ്പിച്ച ഹാക്കത്തോണ്‍ ശ്രദ്ധേയമായിരുന്നു

ഉപകരണങ്ങളുടെ തകരാറുകള്‍ മുന്‍കൂട്ടി കണ്ടെത്തി അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചതാണ് സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ അമല്‍ ഷെഹു, അഭിജിത്, അശ്വിന്‍ മുരളി എന്നിവരടങ്ങുന്ന വൈറ്റല്‍വ്യൂ എഐ യെ ഒന്നാം സമ്മാനത്തിന് അര്‍ഹമാക്കിയത്. തകരാറുകള്‍ സംഭവിക്കുന്നതിന് മുമ്പ് തന്നെ മെയിന്‍റനന്‍സ് ടീമികള്‍ക്ക് നിര്‍ദേശം നല്‍കുക വഴി ഉത്പാദന മേഖലയ്ക്ക് സമയലാഭം ഉണ്ടാക്കാന്‍ ഇതിന് സാധിക്കും. ഒന്നാം സമ്മാനമായ രണ്ട് ലക്ഷം രൂപ വൈറ്റല്‍വ്യൂ എഐ ക്ക്  ലഭിച്ചു.

ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണം കേട്ട ശേഷം  അതിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ നോട്ടുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കുന്ന പ്രോട്ടോടൈപ്പ് അവതരിപ്പിച്ച കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ അമിത് പി, നന്ദഗോപാല്‍, വിഎസ് ആകാശ് പ്രസാദ് എന്നിവർ കോളജ് വിഭാഗത്തിൽ ഒന്നാമതെത്തി.

ജനറേറ്റീവ് എഐ, മെഡിക്കല്‍ ഡയലോഗ് ഡേറ്റാസെറ്റുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഇവയ്ക്ക് രോഗ ലക്ഷണങ്ങള്‍, രോഗ ചരിത്രം, നിര്‍ണയം എന്നിവ മനസിലാക്കുന്നതിനും ഡോക്ടര്‍മാരുടെ ഡോക്യുമെന്‍റേഷന്‍ സമയം കുറയ്ക്കുന്നതിനും സഹായിക്കും. കോളേജ് വിഭാഗത്തില്‍ 1.5 ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.

കേരളത്തിലെ 11 എഞ്ചിനീയറിംഗ് കോളേജുകളും ഏഴ് സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെ 18 ടീമുകളാണ് ഹാക്കത്തോണില്‍ പങ്കെടുത്തത്. ബാങ്കിംഗ്, നിര്‍മ്മാണ മേഖല, ധനകാര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നവീനമായ എഐ അധിഷ്ഠിത പരിഹാരങ്ങള്‍ ഇവര്‍ അവതരിപ്പിച്ചു.

വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് തീര്‍പ്പാക്കാനാകുന്ന എഐ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നത് നമ്മുടെ യുവാക്കളുടെ കഴിവുകളെയാണ് തെളിയിക്കുന്നതെന്ന് സ്പെരീഡിയന്‍ ടെക്നോളജീസ് സഹസ്ഥാപാകനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ കെപി ഹരി പറഞ്ഞു.

ജനറേറ്റീവ് എഐ ഉപയോഗിച്ച് ഇന്‍ഷുറന്‍സ് റിജക്ഷന്‍ കത്തുകള്‍ വിശകലനം ചെയ്യുന്ന സംവിധാനത്തിനാണ് കോളേജ് വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ചത്. രോഗനിര്‍ണയം, ചികിത്സാ ചരിത്രം തുടങ്ങിയവയെല്ലാം സംയോജിപ്പിച്ച് അപ്പീല്‍ ഡ്രാഫ്റ്റുകള്‍ നിമിഷനേരം കൊണ്ട് ഇത് തയ്യാറാക്കുന്നു. ലക്ഷക്കണക്കിന് ക്ലെയിം ചെയ്യാത്ത റിഇംബേഴ്സ്മെന്‍റുകള്‍ക്ക് പരിഹാരം സാധ്യമാക്കാം എന്നതാണ് ഇതിന്‍റെ നേട്ടം.കോളേജ് വിഭാഗത്തില്‍ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ കോളെജ് ഓഫ് എഞ്ചിനീയറിംഗിലെ മെഹ്താബ് ആരിഫ്, നന്ദന രാജേഷ്, രേവതി പിഎസ് എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇവര്‍ക്ക് 75,000 രൂപ ക്യാഷ് പ്രൈസ് ലഭിച്ചു.

സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ യുജെനിക്സ് ടെക്നോളജീസ് എല്‍എല്‍പിയിലെ ഉദയ് കൃഷ്ണ, ജോയല്‍ ബിജു എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. 1.25 ലക്ഷം രൂപ ഇവര്‍ക്ക് സമ്മാനമായി ലഭിച്ചു. ടോമാട്രിക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലെ ഗിഫ്റ്റണ്‍ ടോം ബിജു, ആര്‍ വൈഷ്ണവ് രാജ് എന്നിവര്‍ക്ക് മൂന്നാം സ്ഥാനവും 50,000 രൂപയും ലഭിച്ചു.

അമേരിക്ക ആസ്ഥാനമായ സ്പെരീഡിയന്‍ ടെക്നോളജീസിന് 10 ലധികം രാജ്യങ്ങളില്‍ സാന്നിധ്യവും ആഗോള തലത്തില്‍ 640 ക്ലയന്‍റുകളുമുണ്ട്. ആരോഗ്യ സംരക്ഷണം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം തുടങ്ങിയ വിവിധ മേഖലകളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടിംഗ് സേവന കമ്പനിയായ സ്പെരീഡിയന്‍ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്.

Vitalview AI, the winner of Speridian Technologies Hackathon 2025, offers an AI-powered system for predictive maintenance, identifying equipment failures before they occur and suggesting solutions, saving production time.

Vitalview AI, the winner of Speridian Technologies Hackathon 2025, offers an AI-powered system for predictive maintenance, identifying equipment failures before they occur and suggesting solutions, saving production time.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version