കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ (Amit Shah) കേരള സന്ദർശനത്തിൻ്റ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കണ്ണൂരിലാണ് മന്ത്രി എത്തുക. കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ, പാരാ ഗ്ലൈഡർ, ഹോട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാത്ത ഏരിയൽ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു.

വിമാനത്താവള അതിർത്തി മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം. വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാകുന്ന രീതിയിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമാണ് കലക്ടറുടെ ഉത്തരവ്.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം (Rajarajeshwara Temple) സന്ദർശിക്കുന്നതിനായാണ് അമിത് ഷാ കണ്ണൂരെത്തുക. ഇതിന്റെ ഭാഗമായാണ് പ്രദേശത്ത് നോ ഫ്ലൈ സോൺ ആക്കിയിരിക്കുന്നത്.