ഇന്ത്യൻ ഭക്തിപാരമ്പര്യത്തിന്റെ പ്രതീകങ്ങളാണ് രാജ്യത്തെ ക്ഷേത്രങ്ങൾ. സമ്പത്തിന്റെ കാര്യത്തിലും രാജ്യത്തെ ക്ഷേത്രങ്ങൾ മുൻപന്തിയിലാണ്. ദേവകാര്യങ്ങൾക്കു മാത്രമല്ല, പാവങ്ങൾക്കും അശരണർക്കും താങ്ങായും തണലായും മാറുന്നവ കൂടിയാണ് അവ. ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രങ്ങളെ കുറിച്ചറിയാം.
1. തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം, ആന്ധ്രപ്രദേശ്
₹3 ലക്ഷം കോടി രൂപയുടെ വമ്പൻ ആസ്തിയുള്ള തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ആരാധനാലയമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം മാത്രം 1400 കോടിയോളം രൂപയാണ്.

2. പത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് ₹1.2 ലക്ഷം കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് കണക്ക്. സ്വർണവും, വജ്രവും നിരവധി അമൂല്യ രത്നങ്ങളും അടങ്ങുന്നതാണിത്.
3. ഗുരുവായൂർ ദേവസ്വം
ഏതാണ്ട് ₹1,737.04 കോടി രൂപയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ ആസ്തി. ഇതിനുപുറമേ ക്ഷേത്രം വകയായി 270ലധികം ഏക്കർ വസ്തുക്കളുമുണ്ട്.
4. വൈഷ്ണോദേവി ക്ഷേത്രം, ജമ്മു
സമുദ്രനിരപ്പിൽ നിന്നും 5000ത്തിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദുർഗാ ക്ഷേത്രമാണിത്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 20 വർഷത്തിനിടെ 1800 കിലോ സ്വർണം, 4700 കിലോ വെള്ളി, ഏതാണ്ട് 2000 കോടി രൂപ എന്നിങ്ങനെയാണ് ക്ഷേത്രത്തിന്റെ സംഭാവന കണക്ക്.
5. ഷിർദ്ദി സായിബാബ ക്ഷേത്രം, മഹാരാഷ്ട്ര
മുംബൈയിൽ നിന്നും ഏതാണ്ട് 250 കിലോമീറ്ററോളം ദൂരത്ത് സ്ഥിതി ചെയ്യുന്ന ഷിർദ്ദി ക്ഷേത്രം സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. 500 കോടി രൂപയോളമാണ് ക്ഷേത്രത്തിന് ഡൊണേഷനുകളിൽ നിന്നും ലഭിക്കുന്നത്.
6. സുവർണ ക്ഷേത്രം, അമൃത്സർ
സിഖിസത്തിന്റെ പ്രധാന കേന്ദ്രമാണ് അമൃത്സറിലെ സുവർണ ക്ഷേത്രം. ഏതാണ്ട് 400 കോടി രൂപയോളമാണ് ക്ഷേത്രത്തിന്റെ വാർഷിക വരുമാനം.
ഇവയ്ക്കു പുറമേ തമിഴ്നാട്ടിലെ മധുരൈ മീനാക്ഷി ക്ഷേത്രം, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം, ഗുജറാത്തിലെ സോംനാഥ ക്ഷേത്രം, ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം തുടങ്ങിയവയും സമ്പത്തിന്റെ കാര്യത്തിൽ മുന്നിലാണ്.