സ്റ്റാർട്ടപ്പ് വളർത്തുന്നതാണ് ഏറ്റവും വലിയ കിക്കെന്നും സ്വന്തം സ്റ്റാർട്ടപ്പ് കൺമുന്നിൽ വളരുന്നതിലും വലിയ സന്തോഷം വേറെയില്ലെന്നും മൈ കേർ ഹെൽത്ത് (MyKare Health) സ്ഥാപകനും സിഇഓയുമായ സെനു സാം (Senu Sam). ഡിജിറ്റൽ ഹെൽത്ത് ഫിൻടെക് സ്റ്റാർട്ടപ്പായ മൈ കേറിനെക്കുറിച്ചും സംരംഭത്തിന്റെ വിജയവഴിയെക്കുറിച്ചും ‘സംരംഭമാണ് എന്റെ ലഹരി’ എന്ന ചാനൽ അയാം ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സ്റ്റാർട്ടപ്പ് മിഷനിൽ (KSUM) ഇൻക്യുബേറ്റഡ് ആയിട്ടുള്ള, ഇന്ത്യയിൽ പതിനഞ്ചോളം നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഫിൻടെക് സ്റ്റാർട്ടപ്പാണ് മൈ കേർ. ആലപ്പുഴ ജില്ലയിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന സെനു നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ബിസിനസ് ലോകത്തേക്ക് എത്തുന്നത്. പഠനകാലത്ത് ഫീസ് കൊടുക്കാൻ പോലും വഴിയില്ലാത്ത അവസ്ഥയിലൂടെ കടന്നുപോയിരുന്നു. പഠനത്തിൽ ശരാശരിയായിരുന്നെങ്കിലും നേതൃപാടവം കൊണ്ട് സെനു ചെറുപ്പകാലം തൊട്ടേ ശ്രദ്ധിക്കപ്പെട്ടു. വിദ്യാഭ്യാസത്തിൽ പിന്നിലായത് സംരംഭകയാത്രയെ ബാധിക്കില്ലെന്ന് സെനു പറയുന്നതും അതുകൊണ്ടാണ്.

കേരള യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്കു ചേർന്ന സെനു ആദ്യ വർഷം തന്നെ എല്ലാ വിഷയത്തിലും തോറ്റു. എന്നാൽ പഠനത്തിലെ പരാജയം മുന്നോട്ടുള്ള ജീവിതവിജയത്തിന് ഊർജമായി. ജീവിതത്തിൽ എന്തുചെയ്യാനാകും എന്ന അന്വേഷണത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്. എംബിഎ പഠനം എന്ന ലക്ഷ്യത്തിലേക്ക് അത് കൊണ്ടെത്തിച്ചു. അതിനായി ഡിഗ്രിക്ക് 50 ശതമാനം എന്ന കടമ്പ കുത്തിയിരുന്ന് പഠിച്ചു കടന്നു, ഒടുവിൽ എംബിഎ പ്രവേശനം നേടി. പഠനകാലത്ത് ക്യാംപസ് സെലക്ഷന്റെ സമയത്ത് ഒരു കമ്പനി പോലും സെനുവിനെ ജോലിക്കെടുത്തില്ല. വീണ്ടും പ്രതിസന്ധി. അത് വീണ്ടും കരുത്താക്കി എംബിഎ പാസ്സായി.
തുടർന്ന് ഡൽഹി അപ്പോളോ ഹോസ്പിറ്റലിൽ അധ്യാപകൻ വഴി ഇന്റർവ്യൂ അവസരം ലഭിച്ചു. ഇംഗ്ലീഷ് പാരയായെങ്കിലും ഇന്റർവ്യൂ ഒരുവിധം കടന്നുകൂടി. അതുവരെ ജീവിതത്തിൽ എന്തു ചെയ്തു എന്നതെല്ലാം അപ്രസക്തമാണെന്നും മുന്നോട്ടുള്ള ജീവിതത്തിൽ എന്തു ചെയ്യും എന്ന തീരുമാനമാണ് ജീവിതത്തെ മാറ്റിമറിക്കുന്നതെന്നുമുള്ള വലിയ പാഠം സെനു ഇതിലൂടെ പഠിച്ചു. സെനുവിന്റെ സ്വപ്നങ്ങൾ അവിടെ അവസാനിച്ചില്ല, തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഇന്റർവ്യൂവിൽ സെനുവിനെ ഉലച്ച കാര്യമായിരുന്നു ഇംഗ്ലീഷ്. അതിനേക്കാൾ പിടിച്ചുലച്ച ഒന്നായിരുന്നു ഇന്റർവ്യൂ ബോർഡിലെ ഏതോ ഒരാളുടെ പരിഹാസച്ചിരി. ‘തന്നെക്കൊണ്ടൊന്നും പറ്റൂലെടോ’ എന്നാണ് ആ ചിരിയുടെ അർത്ഥമെന്ന് സെനുവിന് തോന്നി. അതുകൊണ്ട്, നാട്ടിൽ തിരിച്ചെത്തിയ ഉടൻ സെനു ജോലിയിൽ തത്ക്കാലം പ്രവേശിക്കുന്നില്ല എന്നും രണ്ട് മാസം ഇംഗ്ലീഷ് പഠനത്തിനു ശേഷം വീണ്ടു അപ്ലൈ ചെയ്യാമെന്നും പറഞ്ഞ് കമ്പനിക്ക് മെയിൽ അയച്ചു.
കളിയാക്കലിന്റെയും പരിഹാസത്തിന്റെയും മുഖങ്ങൾ കണ്ടുമടുത്ത വ്യക്തിയുടെ പരോക്ഷ പ്രതിഷേധമായിരുന്നു അത്. പ്രതിഷേധത്തിൽ മാത്രം അത് ഒതുക്കാൻ സെനു തയ്യാറുമായില്ല. കോട്ടയത്തെ സ്പോക്കൺ ഇംഗ്ലീഷ് പഠനകേന്ദ്രത്തിൽ ചേർന്നു. തുടർന്ന് അപ്പോളോയിലേക്ക് വീണ്ടും ജോലിക്ക് അപേക്ഷിച്ചു. ഡൽഹി അപ്പോളോയ്ക്കു പകരം ചെന്നൈ അപ്പോളോ ആസ്ഥാനത്തു തന്നെ സെനുവിനെ കമ്പനി ജോലിക്കെടുത്തു. വൈസ് പ്രസിഡന്റ് നേരിട്ടായിരുന്നു സെനുവിനെ ചെന്നൈ അപ്പോളോയിലെത്തിച്ചത്. എന്നാൽ ജോലിക്ക് കയറിയപ്പോഴും ജോലിയിടത്ത് പരിഹാസങ്ങൾക്ക് കുറവുണ്ടായില്ല. എങ്കിലും പിടിച്ചു നിന്നു.
പത്ത് വർഷത്തിനുള്ളിൽ സ്വന്തം കമ്പനി എന്നതായിരുന്നു സെനുവിന്റെ അന്നത്തെ ലക്ഷ്യം. പ്രഭാത ഭക്ഷണത്തിന് ബിസ്ക്കറ്റും ഉച്ചയ്ക്കെത്തേയ്ക്കും അത്താഴത്തിനും ഒറ്റ ചോറ്റ്പൊതിയുമായി സെനു ആ സ്വപ്നത്തിലേക്ക് ചിറകുവിരിച്ചു. എട്ട് വർഷങ്ങൾ കടന്നുപോയി. അതിനിടെ സെനുവിനെ തേടിയെത്തിയത് ഏഴ് പ്രൊമോഷനുകൾ. കമ്പനിയുടെ ചരിത്രത്തിൽത്തന്നെ ഒരുപക്ഷേ കുറഞ്‍ഞ കാലയളവിൽ ഒരു ജീവനക്കാരനു ലഭിക്കുന്ന ഏറ്റവുമധികം പ്രൊമോഷനുകൾ. പിന്നീട് ഇന്ത്യയിലെതന്നെ പ്രമുഖ ആശുപത്രികളുടെ വൈസ് പ്രസിഡന്റ് പദവി വരെ സെനുവിന്റെ കരിയർ ഗ്രാഫ് ഉയർന്നു. അപ്പോഴേക്കും കരിയർ 14 വർഷങ്ങൾ പിന്നിട്ടിരുന്നു.
പിന്നെയാണ് ശരിക്കുമുള്ള കഥ തുടങ്ങുന്നത്. സ്റ്റാർട്ടപ്പ് ലോകത്തേക്കു വന്നു. ദി ഗ്രേറ്റ് ഇന്ത്യൻ ചായ് (The Great Indian Chai) എന്ന സംരംഭത്തിലൂടെയാണ് സംരംഭകയാത്ര ആരംഭിച്ചത്. ആ സമയത്താണ് പിതാവിന്റെ ന്യൂറോ ചികിത്സയ്ക്കായി നാട്ടിലേക്ക് വരേണ്ടി വന്നത്. വർഷങ്ങളടെ സമ്പാദ്യം ഒറ്റയടിക്ക് ആശുപത്രിയിൽ തീർന്നു. ഇങ്ങനെ സാധാരണക്കാരന്റെ സമ്പാദ്യം ചോദ്യം ചെയ്യപ്പെടുന്നത് വേണ്ടപ്പെട്ട ആളുകൾ ആശുപത്രിയിൽ എത്തുമ്പോഴാണ് എന്ന തിരിച്ചറിവുണ്ടായി. ഭീമമായ ഹോസ്പിറ്റൽ ബിൽ അടയ്ക്കാൻ സാധാരണക്കാർ കയ്യിലുള്ളതെല്ലാം വിറ്റു പെറുക്കുകയാണെന്ന് സെനു നേരിട്ടു കണ്ടു.
ഇൻഷുറൻസ് കവറേജിന്റെ അഭാവമാണ് ഇതിനു പ്രധാന കാരണമെന്ന് സെനു മനസ്സിലാക്കി. ലോൺ എടുക്കാമെന്നു വെച്ചാൽ മിക്ക ആളുകളും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരായതിനാൽ അതിനു 18 ശതമാനം വരെ പലിശ വരും. അതുതന്നെ നേരെ ചെന്ന് ലോൺ എടുക്കാനൊന്നും പറ്റില്ല. എന്തെങ്കിലും ഗ്യാരണ്ടി അതിനായി മസ്റ്റാണ്. ഈ ഓട്ടപ്പാച്ചിലാകട്ടെ അത്യാസന്ന നിലയിൽ കിടക്കുന്ന ഉറ്റവരെ രക്ഷിക്കാനും. ഈ കാഴ്ച സെനുവിന്റെ മനസ്സിനെ വീണ്ടും ഉലച്ചു.
മിസ്സിങ് മിഡിൽ ക്ലാസ് എന്ന് നീതി ആയോഗ് പോലും വിശേഷിപ്പിച്ച, ഇന്ത്യയിലെ 40 കോടിയോളം വരുന്ന വിഭാഗമാണിത് എന്ന് സെനു മനസ്സിലാക്കി. ഈ 40 കോടി ജനങ്ങൾ, അടികിട്ടുന്ന ആശുപത്രി ചിലവ് എങ്ങനെ നടത്തും എന്നതിൽ യാതൊരു ഊഹവും ഇല്ലാത്തവരാണ്. എവിടെ നിന്നും പണം കണ്ടെത്തും എന്നോ, ഏത് ആശുപത്രി തിരഞ്ഞെടുക്കണം എന്നോ അവർക്കറിയില്ല. സെനു ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിച്ചു. ഓരോ വർഷവും ഇന്ത്യയിലെ ജനസംഖ്യയിലെ ഏഴ് ശതമാനത്തോളം ഹോസ്പിറ്റൽ ബില്ലുകളുടെ പേരിൽ കടക്കെണിയിൽ വീഴുന്നുവെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം സെനു മനസ്സിലാക്കി.
ഈ തിരിച്ചറിവാണ് മൈ കേറിന്റെ തുടക്കമായത്. പ്രോബ്ലം തിരിച്ചറിഞ്ഞെങ്കിലും മൂന്ന് വർഷത്തോളം എടുത്തു മൈ കേർ ഒരു സൊല്യൂഷൻ കണ്ടെത്താൻ. ഏത് പരാജയത്തിലും കൂടെ നിൽക്കും എന്നുറപ്പുള്ള രണ്ടു പേർ കോ ഫൗണ്ടേർസായി കൂടെനിന്നു. കൊച്ചി വാഴക്കാലയിലെ ചെറുമുറിയിലായിരുന്നു ആരംഭം. ചെറുമുറിയെങ്കിലും ടീം മികച്ചതായിരുന്നു. അങ്ങനെ മുറി വലുതായി, സ്ഥാപനവും. ആ ഘട്ടത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻക്യുബേറ്റ് ചെയ്ത് അങ്ങോട്ട് മാറുന്നത്. ആറ് പേരിൽ തുടങ്ങിയ സ്ഥാപനത്തിന് പിന്നെ ഫണ്ടിങ് ലഭിച്ചു തുടങ്ങി. അതും എളുപ്പമായിരുന്നില്ല. പിച്ചിങ് തുടങ്ങുമ്പോഴേക്കും ഇറങ്ങിപ്പോയ ഇൻവെസ്റ്റേർസ് വരെയുണ്ടായി.
പരാജയഭീതി വീണ്ടും വന്നു. എന്നാൽ തളർന്നില്ല സെനു. പിച്ചിങ് തുടർന്നു. എഴുപത് പേരിൽ നിന്നോളം റിജക്ഷൻ ഉണ്ടായി. മുന്നോട്ടുതന്നെ പോയി. പിച്ചിങ് എൺപതു പേരും കടന്നു, റിജക്ഷനും. ഓരോ റിജക്ഷനിലും സെനു പാഠം ഉൾക്കൊണ്ടു. ഒടുവിൽ സ്നാപ്ചാറ്റ്, ഒയോ, പേടിഎം, പബ്ജി ഗെയിമേർസ് തുടങ്ങിയ വമ്പൻ കമ്പനികൾ മൈ കേറിൽ നിക്ഷേപകരായി. ആറ് പേരിൽ നിന്നും 250 പേരുള്ള ടീമായി മാറിയത് അങ്ങനെ. ബെംഗളൂരുവിലേക്കു വ്യാപിച്ചു, പിന്നെ രാജ്യത്തെ 15ഓളം നഗരങ്ങളിലേക്കും. ഒരു ഹോസ്പിറ്റൽ പാർട്ണർഷിപ്പിൽ നിന്നും 1000 ഹോസ്പിറ്റലുകളുമായി പാർട്ണർഷിപ്പായി. ഒരു മാസത്തെ ബിസിനസ് മൂന്നു മുതൽ നാലു കോടി രൂപ വലെയായി വളർന്നു.
സാധാരണക്കാർക്ക് ആരോഗ്യത്തിനായി സമ്പാദ്യം മാറ്റിവെയ്ക്കാനാകുക, അത് പിന്നീട് ഉപകാരപ്പെടുത്താനാകുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്നീ സമീപനങ്ങൾക്കൊപ്പം ആരോഗ്യ ആവശ്യങ്ങൾക്കായി പലിശരഹിത വായ്പ ലഭ്യമാക്കാനും മൈ കേർ സഹായിക്കുന്നു. ഇങ്ങനെ ഇന്ത്യയിലെങ്ങുമുള്ള ജനങ്ങളുടെ ആരോഗ്യത്തിനു വേണ്ടിയുള്ള കരുതലും അതിനുള്ള സമ്പാദ്യ ശീലം വളർത്തുകയുമാണ് മൈ കേർ.
സാധാരണക്കാരായ ആളുകൾക്ക് ഹോസ്പിറ്റൽ ബിൽ എങ്ങനെ സീറോയാക്കി കൊടുക്കാനാകും എന്നതാണ് മൈ കേറിന്റെ പ്രധാന ലക്ഷ്യം. ഇതിനുപുറമേ സാധാരണക്കാരുടെ ഹോസ്പിറ്റൽ ജേർണിയിൽ മുഴുവൻ സമയവും അവർക്കൊപ്പം നിൽക്കുന്നു മൈ കേർ. ആരോഗ്യത്തിനു വേണ്ടി അവർക്ക് കാശ് മാറ്റി വെയ്ക്കാൻ ശീലിപ്പിക്കുകയാണ് ആദ്യം ചെയ്തത്. അതിനായാണ് മൈ കേർ ആപ്പ് (MyKare App) എന്ന പ്ലാറ്റ്ഫോം ആരംഭിച്ചത്. ആപ്പ് വഴി ദിവസം 20 രൂപ മുതൽ സേവ് ചെയ്യാൻ സാധിക്കും, മോശം കാലം വരുമ്പോൾ ഉപയോഗിക്കാൻ. ഈ പണം മ്യൂച്വൽ ഫണ്ട് പോലുള്ളവയിലേക്കാണ് ശേഖരിക്കപ്പെടുക. ഇന്ന് 2 ലക്ഷം ഇത്തരത്തിൽ സേവ് ചെയ്താൽ വർഷങ്ങൾക്കുള്ളിൽ അത് എട്ട് ലക്ഷമാകും. ഇന്ന് 2 ലക്ഷം വേണ്ട ഒരു സർജറിക്ക് വർഷങ്ങൾ കഴിയുമ്പോൾ എട്ട് ലക്ഷമെങ്കിലും വേണ്ടി വരും എന്ന ദീർഘവീക്ഷണത്തിൽ നിന്നാണ് ഈ സേവിങ്സ് ഐഡിയ.
സേവിങ്സ് ചെയ്യുന്നവർക്ക് ഹോസ്പിറ്റൽ കവറേജുകൾ സൗജന്യമായി നൽകുകയാണ് മൈ കേർ. ഹോസ്പിറ്റൽ ബിൽ സീറോയാക്കുന്നതിൽ ഇത് നിർണായകമാണ്. ഹോസ്പിറ്റലുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളെക്കുറിച്ചും മൈ കേർ ടീം വിദഗ്ധ ഉപദേശവും നൽകുന്നു. ഇതെല്ലാമാണ് ആപ്പിലൂടെ സാധ്യമാകുന്നത്. നിലവിൽ പ്രാരംഭ ദിശയിലുള്ള ആപ്പ് സ്കെയിൽ ചെയ്യാനുള്ള ശ്രമത്തിലാണ് സെനുവും മൈ കേറും. ഈ വർഷത്തോടെ നാല് ലക്ഷം ആപ്പ് യൂസേർസും പതിനെട്ടു മാസത്തിനുള്ളിൽ പത്ത് ലക്ഷം ആളുകളിലേക്കും ആപ്പ് എത്തിക്കുകയാണ് ലക്ഷ്യം.
Senu Sam, founder of MyKare Health, shares his inspiring journey from humble beginnings to building a successful health fintech startup that helps ordinary people manage healthcare costs and savings.