ആക്സിയം-4 ദൗത്യം (Axiom-4 mission) വിജയകരമായി പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നും ഭൂമിയിലേക്ക് തിരിച്ചെത്തി ഗ്രൂപ്പ് ക്യാപ്റ്റൻ ശുംഭാംശു ശുക്ല (Shubhanshu Shukla). ശുഭാംശുവിനെയും സംഘത്തേയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സൂൾ (SpaceX Dragon Capsule) സാൻ ഡിയാഗോയ്ക്കു സമീപം ശാന്ത സമുദ്രത്തിൽ (Pacific Ocean) സുരക്ഷിതമായി സ്പ്ലാഷ് ഡൗൺ ചെയ്തു. 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് ശുംഭാംശുവും സംഘവും ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
ഇന്ത്യൻ സമയം വൈകിട്ട് 3.01നാണ് ശുഭാംശുവിനെ വഹിച്ചുള്ള ഡ്രാഗൺ ക്യാപ്സൂൾ പേടകം ശാന്ത സമുദ്രത്തിൽ പതിച്ചത്. അദ്ദേഹം പേടകത്തിൽനിന്നും പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാലാവസ്ഥാ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ പ്രതീക്ഷിച്ച സമയത്തു തന്നെ പേടകത്തിന് സ്പ്ലാഷ് ഡൗൺ സാധ്യമായി. സ്പ്ലാഷ് ഡൗണിനു ശേഷം പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങൾ ഉപയോഗിച്ച് പേടകം വീണ്ടെടുത്തു. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ശുഭാംശും അടക്കമുള്ള യാത്രികർക്ക് സമയമെടുക്കും. ഇതിനായി ഇവരെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി.

ഐഎസ്എസ്സിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനും ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശുഭാംശു. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി ജൂൺ 26നാണ് സംഘം ബഹിരാകാശ നിലയത്തിൽ എത്തിയത്. തുടർന്ന് ദൗത്യത്തിന്റെ ഭാഗമായുള്ള മുഴുവൻ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് സംഘം ഭൂമിയിലേക്ക് മടങ്ങിയത്.
Group Captain Shubhanshu Shukla successfully completed the Axiom-4 mission, with the SpaceX Dragon Capsule making a safe splashdown in the Pacific Ocean after an 18-day stay on the ISS