കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 40,949 കമ്പനികളെ കോർപറേറ്റ് റജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്തതായി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA). ഷെൽ സ്ഥാപനങ്ങൾ അടക്കമുള്ള നോൺ ഓപ്പറേഷണൽ എന്റിറ്റികളെയാണ് ഇത്തരത്തിൽ ഒഴിവാക്കിയിരിക്കുന്നത്. കോർപറേറ്റ് റജിസ്ട്രി സജീവ ബിസിനസുകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി നിഷ്ക്രിയമായതോ പേപ്പറിൽ മാത്രമുള്ളതോ ആയ കമ്പനികളുടെ ദുരുപയോഗം ചെറുക്കാനും നീക്കം ലക്ഷ്യമിടുന്നു. 2013 ലെ കമ്പനി ആക്ട് പ്രകാരമാണ് നടപടി.

പേപ്പറിൽ മാത്രം നിലനിൽക്കുന്നതും യഥാർത്ഥ ബിസിനസ്സ് നടത്താത്തതുമായ കമ്പനികളാണ് നോൺ ഓപ്പറേഷണൽ എന്റിറ്റികൾ. യഥാർത്ഥ ആസ്തികളോ സജീവ ബിസിനസോ ഇല്ലാത്തതും കള്ളപ്പണം വെളുപ്പിക്കൽ അല്ലെങ്കിൽ നികുതി വെട്ടിപ്പ് പോലുള്ള നിയമവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടാവുന്നതുമായ കമ്പനികളാണ് ഷെൽ സ്ഥാപനങ്ങൾ. ഇവ നീക്കം ചെയ്യുന്നത് സുതാര്യത വർദ്ധിപ്പിക്കുകയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് കേന്ദ്ര സഹമന്ത്രി ഹർഷ് മൽഹോത്ര ലോക്സഭയിൽ അറിയിച്ചു.
India’s Corporate Affairs Ministry has removed 40,949 non-operational and shell companies to ensure registry accuracy and combat financial misuse.