രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദവിയിൽനിന്ന് രണ്ട് ദിവസങ്ങൾക്കു മുൻപ് ജഗ്ദീപ് ധൻകർ (Jagdeep Dhankhar) രാജിവെച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവെച്ചിരിക്കുന്നത്. ഇതോടെ രാജിക്കു ശേഷം ഉപരാഷ്ട്രപതിക്കു ലഭിക്കുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും വാർത്തകളിൽ നിറയുകയാണ്. ₹2 ലക്ഷം പെൻഷൻ, ടൈപ്പ് VIII ഗവൺമെന്റ് ബംഗ്ലാവ്, സൗജന്യ വിമാന-റെയിൽ യാത്ര, സൗജന്യ ആരോഗ്യ സംരക്ഷണം, പേർസണൽ അസിസ്റ്റന്റുമാർ തുടങ്ങിയ ആനുകൂല്യങ്ങളാണ് സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതിക്ക് ലഭിക്കുക.

2018ലെ ബജറ്റ് പ്രകാരം ഉപരാഷ്ട്രപതിയുടെ ശമ്പളം പ്രതിവർഷം ₹48 ലക്ഷമാണ്. ശമ്പളത്തിന്റെ 50-60 ശതമാനമാണ് പെൻഷനായി ലഭിക്കാൻ അർഹതയുള്ളത്. ഈ കണക്കുവെച്ച് നോക്കുമ്പോൾ ജഗ്ദീപ് ധൻകറിന് കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും പെൻഷൻ തുകയായി ലഭിക്കും.
ഡൽഹിയിലോ മറ്റേതെങ്കിലും പ്രദേശത്തോ ഉള്ള ടൈപ്പ് VIII ബംഗ്ലാവാണ് സ്ഥാനമൊഴിയുന്നതോടെ ധൻകറിന് ലഭിക്കാൻ അർഹതയുള്ളത്. മുൻ ഉപരാഷ്ട്രപതിക്ക് അനുവദിക്കുന്ന ബംഗ്ലാവിന്റെ വൈദ്യുതി-ജല ബില്ലുകളും സർക്കാർ വഹിക്കും. വിരമിച്ച ഉപരാഷ്ട്രപതിക്ക് ഇന്ത്യയിലെവിടെയും വിമാനത്തിലോ, റെയിൽയിലോ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യാനാകും. പങ്കാളിയോടോ, ബന്ധുവോടോ ഒപ്പം യാത്ര ചെയ്യാനാണ് അനുമതി. സൗജന്യ ആരോഗ്യ സംരക്ഷണത്തിനും സ്വകാര്യ ഡോക്ടറുടെ സേവനത്തിനും ധൻകറിന് അർഹതയുണ്ടായിരിക്കും. ഇതിനു പുറമേ രണ്ട് പേർസണൽ അസിസ്റ്റന്റുമാരെ നിയമിക്കാനും സാധിക്കും. ഉപരാഷ്ട്രപതിയുടെ ഭാര്യക്കും പ്രൈവറ്റ് സെക്രട്ടറിയുടെ സേവനം ലഭിക്കും.
അതേസമയം ഉപരാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ജഗ്ദീപ് ധൻകർ നിലവിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയും. രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജി സമർപ്പിച്ച അന്നുതന്നെ ധൻകർ വസതി ഒഴിയാനുള്ള നീക്കങ്ങൾ ചെയ്തുതുടങ്ങിതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2022 ഓഗസ്റ്റിൽ ഉപരാഷ്ട്രപതിയായ ധൻകർ കഴിഞ്ഞ വർഷം ഏപ്രിലിലാണ് പുതുതായി നിർമിച്ച ഉപരാഷ്ട്രപതി ഭവനിലേക്ക് താമസം മാറിയത്.