മുംബൈയിൽ ആദ്യ ഷോറൂം ആരംഭിച്ച് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല (Tesla). എന്നാൽ ഇലോൺ മസ്കിന്റെ (Elon Musk) ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഇന്ത്യയിൽ മുന്നോട്ടുള്ള പാത ഒട്ടും എളുപ്പമായിരിക്കില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

മോഡൽ വൈ (Model Y) എന്ന വാഹനമാണ് ടെസ്ല ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ റെയർ-വീൽ ഡ്രൈവ് വേരിയന്റിന് 60 ലക്ഷം രൂപയും ലോംഗ് റേഞ്ച് പതിപ്പിന് 68 ലക്ഷം രൂപയുമാണ് വില. ഈ മോഡലുകൾ പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായാണ് (CBU) വിൽക്കുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് കനത്ത ഇറക്കുമതി തീരുവയാണ് ഈടാക്കപ്പെടുക. ഇത് സ്വാഭാവികമായും വാഹനത്തിന്റെ ചിലവ് വർദ്ധിപ്പിക്കുന്നു. ഇതേ മോഡൽ വാഹനത്തിന് യുഎസിൽ 44,990 ഡോളറും (ഏകദേശം 38 ലക്ഷം രൂപ), ചൈനയിൽ 263,500 യുവാനും (ഏകദേശം 30 ലക്ഷം രൂപ), ജർമ്മനിയിൽ 45,970 യൂറോയുമാണ് (ഏകദേശം 41 ലക്ഷം രൂപ) വില. ഈ കനത്ത വില കാരണം ടെസ്ലയ്ക്ക് ഇന്ത്യയിൽ ബെൻസ് EQB, BMW iX1, വോൾവോ EC40, കിയ EV6 തുടങ്ങിയ ആഢംബര EV മോഡലുകളുമായാണ് മത്സരം നേരിടേണ്ടി വരുന്നത്.
ടെസ്ലയുടെ ഇന്ത്യൻ വരവ് വിപണിയെ ആവേശം കൊള്ളിക്കുന്നതാണ്. ബ്രാൻഡിന്റെ ആഗോള മികവും രൂപകൽപ്പനയും സാങ്കേതികയുമെല്ലാം കുറ്റമറ്റതാണ്. എന്നാൽ ഇന്ത്യൻ ഇവി വിപണി ഇതിനകം തന്നെ കടുത്ത മത്സരക്ഷമതയുള്ളതാണ്. മഹീന്ദ്ര, ടാറ്റ, ബിവൈഡി തുടങ്ങിയ ബ്രാൻഡുകൾ മോഡൽ വൈയുടെ അതേ സ്പെക്സും അതിലധികം സവിശേഷതകളുമുള്ള ഇലക്ട്രിക് വാഹനങ്ങൾ 19–30 ലക്ഷം രൂപ ശ്രേണിയിൽ വിപണിയിലെത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടെസ്ലയുടെ ഉയർന്ന വില ഇന്ത്യയിലെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് വാഹന രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാതെ ഷോറൂം മാത്രം ആരംഭിച്ചാണ് ടെസ്ലയുടെ ഇന്ത്യൻ വരവ് എന്നതും പ്രതികൂലമായ ഘടകമാണ്. പ്രാദേശിക ഉത്പാദനം തീരെയില്ലാതെ കമ്പനിക്ക് വാഹനത്തിന്റെ വില കുറയ്ക്കാനോ മറ്റ് കമ്പനികളുമായി മത്സരിക്കാനോ സാധിക്കില്ല. ടെസ്ലയുടെ പ്രീമിയം ഓഫറിനെ പൂർണമായും പിന്തുണയ്ക്കുന്ന തരത്തിലുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറുകളുടെ അഭാവമാണ് മറ്റൊരും പ്രതികൂല ഘടകം. ഈ പ്രതികൂല ഘടകങ്ങളെല്ലാം ടെസ്ലയുടെ ഇന്ത്യൻ വിപണിയിലെ മുന്നോട്ടുള്ള പാത ഒട്ടും എളുപ്പമായിരിക്കില്ല എന്നതിന്റെ സൂചനകളാണ്.
Tesla’s India debut faces hurdles due to high CBU prices (Model Y starts ₹60L) and a lack of local manufacturing and robust charging infrastructure.