സ്റ്റാർട്ടപ്പ് ഇന്ത്യയുടെ (Startup India) നിലവിലെ ലക്ഷ്യങ്ങളെ കുറിച്ചും ഫണ്ടിങ് നേടിയെടുക്കുന്നതിനെക്കുറിച്ചും വിശദീകരിച്ച് സ്റ്റാർട്ടപ് ഇന്ത്യ മേധാവി മംമ്ത വെങ്കിടേഷ് (Mamatha Venkatesh). സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്റ്റാർട്ടപ്പ് ഇന്ത്യ സാന്നിദ്ധ്യം അറിയിക്കുന്നതായി KSUM സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ വേദിയിൽ ചാനൽ അയാമുമായി സംസാരിക്കവേ മംമ്ത പറഞ്ഞു. വനിതാ സംരംഭകർക്കും പുതുതലമുറ സംരംഭകർക്കുമായി നിരവധി കാഴ്ചപ്പാടുകളും അവർ പങ്കുവെച്ചു.

സംരംഭകരുടെയും സ്ഥാപകരുടെയും യാത്രയിലെ എല്ലാ ഘട്ടത്തിലും സ്റ്റാർട്ടപ്പ് ഇന്ത്യ ഒപ്പം നിൽക്കുന്നു. സീഡ് ഫണ്ടിങ്, ക്രെഡിറ്റ് ഗ്യാരണ്ടി, ടാക്സ് എക്സംപ്ഷൻ, ആക്സിലേറ്ററുകൾ പ്രോഗ്രാമുകൾ തുടങ്ങിയവയിൽ സ്റ്റാർട്ടപ്പ് ഇന്ത്യ പ്രത്യേക ശ്രദ്ധ നൽകുന്നു. ഫണ്ട് ഓഫ് ഫണ്ട് 2.0 എന്ന ഏറ്റവും പുതിയ പതിപ്പടക്കമുള്ളവ ഇത്തരത്തിൽ സ്റ്റാർട്ടപ്പുകൾക്ക് ഒപ്പം നടക്കുന്ന നീക്കമാണ്. ഇങ്ങനെ സ്റ്റാർട്ടപ്പ് ഇന്ത്യയും ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡി ഇന്റേർണൽ ട്രേഡും (DPIIT) സ്റ്റാർട്ടപ്പുകളെ പ്രൊമോട്ട് ചെയ്യുന്നതിൽ വലിയ പങ്കു വഹിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.
സ്റ്റാർട്ടപ്പ് ഇന്ത്യയും ഡിപിഐഐടിയും ചേർന്നു കൊണ്ടു വന്ന 10000 കോടി രൂപയുടെ പദ്ധതിയാണ് ഫണ്ട് ഓഫ് ഫണ്ട്സ്. മൈക്രോ വെഞ്ച്വർ ക്യാപിറ്റൽ (Micro VCs), ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (AIF) തുടങ്ങിയവയ്ക്കാണ് അപേക്ഷിക്കാവുന്നത്. സ്റ്റാർട്ടപ്പുകളിൽത്തന്നെ ഡീപ്ടെക്, മാനുഫാക്ചറിങ് വിഭാഗങ്ങൾക്ക് ഇതിൽ മുൻഗണനയുണ്ടെന്നും മംമ്ത പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ 48 ശതമാനത്തിലധികം സ്റ്റാർട്ടപ്പ് സ്ഥാപകർ വനിതകളാണ്. സ്റ്റാർട്ടപ്പ് ഇന്ത്യ മേധാവി എന്നനിലയിലും ഒരു സ്ത്രീയെന്ന നിലയിലും ഏറെ സന്തോഷം നൽകുന്ന കാര്യമാണിത്. അഗ്രി, ഡി2സി തുടങ്ങിയ മേഖലകൾക്ക് അപ്പുറം ഇന്ത്യയുടെ സ്റ്റാർട്ടപ്പ് രംഗം വളർന്നിരിക്കുന്നു. രാജ്യത്ത് ഓരോ നവീകരണങ്ങളിലും സ്റ്റാർട്ടപ്പുകൾ ഇന്ന് പങ്കാളികളാണെന്നും ഇത്തരമൊരു വളർച്ചയിൽ ഏറെ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഒരിക്കലും തളരരുതെന്ന ഉപദേശമാണ് പുതുസംരംഭകർക്ക് നൽകാനുള്ളത്. കൃത്യമായ മെന്റർഷിപ്പും ഗൈഡ്ലൈനുകളും തേടി മുന്നോട്ടുപോകുക. ഇതിനായി നിരവധി ഇൻക്യുബേഷൻ സെന്ററുകളും മറ്റുമുണ്ട്. അവയുടെയെല്ലാം സേവനം പ്രയോജനപ്പെടുത്തുക. സംരംഭത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ ഗൈഡൻസോടു കൂടിത്തന്നെ മുന്നോട്ടു പോകുക. അതിലെല്ലാം ഉപരി ഒരിക്കലും തോറ്റ് കൊടുക്കില്ല എന്ന പ്രതിജ്ഞയെടുക്കുക-അവർ പറഞ്ഞു.
Startup India head Mamatha Venkatesh shares insights on supporting entrepreneurs, funding initiatives like Fund of Funds 2.0, and empowering women in the startup ecosystem.