സാമൂഹ്യസംരംഭങ്ങള്‍ക്കായി പ്രത്യേക നയം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഐടി സ്പെഷ്യല്‍ സെക്രട്ടറി എസ് സാംബശിവറാവു പറഞ്ഞു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഡീപ്ടെക് സാങ്കേതിക വിദ്യ പരിശീലനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച കേരള ഇനോവേഷന്‍ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യുവജനതയുടെ കഴിവിന്റെ സാക്ഷ്യപത്രമായിരുന്നു കെഐഎഫ് എന്ന് എസ് സാംബശിവറാവു പറഞ്ഞു. വികേന്ദ്രീകൃത ഇനോവേഷന്‍ ആവാസവ്യവസ്ഥയാണ് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. സാമൂഹ്യ സംരംഭങ്ങള്‍ക്ക്(സോഷ്യല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ്) പ്രത്യേക നയം കൊണ്ടുവരും. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിന്റേത്. ഐഇഡിസി, ലീപ് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഫ്രീഡം സ്ക്വയര്‍ എന്നിവയും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യുഎമ്മുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് സമാപനചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന നടന് നിവിന്‍ പോളി പറഞ്ഞു. പഠനത്തിന് മാത്രമല്ല, ആശയങ്ങള്‍ക്കും പ്രോത്സാഹനം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം എത്ര യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നതില്‍ സ്റ്റാര്‍ട്ടപ്പ് മിഷന് ഇനി ശ്രദ്ധ പതിപ്പിക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ ആവാസവ്യവസ്ഥ കെഎസ് യുഎം ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞു.
കേരളത്തിലെ ആദ്യ പൊതു-സ്വകാര്യ ഇന്‍കുബേറ്ററിന് ആദ്യമായി സീഡ് നിക്ഷേപമായ രണ്ട് കോടി രൂപ നല്‍കിയത് ക്രിസ് ഗോപാലകൃഷ്ണനാണെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ കെഎസ്യുഎം സിഇഒ അനൂപ് അംബിക അനുസ്മരിച്ചു. നിവിന്‍ പോളിയെപ്പോലെയുള്ള യുവതാരങ്ങളുടെ സഹകരണം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയിലേക്ക് പ്രവേശനം ലഭിക്കാനും കൂടുതല്‍ നിക്ഷേപം നേടാനും ലക്ഷ്യമിട്ടു കൊണ്ട് നാസ്കോമും കെഎസ് യുഎമ്മും ഒപ്പിട്ട ധാരണാപത്രം കൈമാറി. എസ് സാംബശിവറാവുവിന്റെ സാന്നിദ്ധ്യത്തില്‍ അനൂപ് അംബിക, നാസ്കോം ഡീപ്ടെക് ഡയറക്ടര്‍ ശ്രേയ ശര്‍മ്മ, നേഹല്‍ പാണ്ഡ്യ എന്നിവരാണ് ധാരണാപത്രം കൈമാറിയത്.
കെഐഎഫിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍ ബ്രെയിന്‍ എഐയും നടന് നിവിന്‍ പോളിയുടെ പോളി ജൂനിയറും ചേര്‍ന്ന് നടത്തിയ ഹാക്ക്ജെന്എഐ ഹാക്കത്തോണില്‍ കുസാറ്റിലെ ടീം എപിഎക്സ് ഒന്നാം സ്ഥാനവും ഒരുലക്ഷം രൂപയുടെ ക്യാഷ് പ്രൈസും നേടി. മാക്ബീ ഇനോവേഷന്‍ ലാബ് ടീമിനാണ് രണ്ടാം സ്ഥാനം(50,000 രൂപ). ചെന്നൈ അണ്ണാ സര്‍വകലാശാലയിലെ ടീം പീക്കി ബ്ലൈന്‍ഡേഴ്സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആദിശങ്കര കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ ടീം ഫൈബിളിനാണ് വനിതാ ഭൂരിപക്ഷമുള്ള ടീമിനുള്ള പ്രത്യേക പുരസ്ക്കാരം. നിവിന്‍ പോളിയും, പോളി ജൂനിയര്‍ ഡയറക്ടറും നിവിന്റെ ഭാര്യയുമായ റിന ജോയിയും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Kerala Innovation Festival ends with new social entrepreneurship policies and an incubation center announcement by Nivin Pauly, fostering a robust startup ecosystem.