സംഗീതവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഒന്നിച്ചു ചേരുന്നു. വെറും സംഗീതമല്ല സാക്ഷാൽ എ.ആർ. റഹ്മാന്റേത് അടക്കമുള്ള മാന്ത്രിക സംഗീതമാണ് എഐയുമായി ചേരുന്നത്. ഓപ്പൺ എഐ (OpenAI) സിഇഒ സാം ആൾട്ട്മാനുമായി (Sam Altman) ചേർന്നാണ് റഹ്മാൻ വെർച്വൽ ഗ്ലോബൽ ബാൻഡായ സീക്രട്ട് മൗണ്ടൻ (Secret Mountain) എന്ന പ്രൊജക്റ്റിൽ പ്രവർത്തിക്കുന്നത്.
ഓപ്പൺ എഐയുടെ സാങ്കേതികവിദ്യയും ക്രോസ്-കൾച്ചറൽ സംഗീതവും ഒരുമിച്ച് കൊണ്ടുവരുന്ന വെർച്വൽ ഗ്ലോബൽ ബാൻഡ് സംരംഭമാണിത്. റഹ്മാൻ അടുത്തിടെ സാമുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സീക്രട്ട് മൗണ്ടനനെക്കുറിച്ചുള്ള ചർച്ചയുടെ വിവരങ്ങൾ എആറും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എഐയിലൂടെ മെച്ചപ്പെടുത്തിയെടുക്കുന്ന സംഗീതമാണ് സീക്രട്ട് മൗണ്ടന്റെ സവിശേഷത. ഇന്ത്യ, അയർലൻഡ്, ചൈന, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ സംഗീതജ്ഞരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് റഹ്മാന്റെ മെറ്റാ ബാൻഡിന്റെ ഭാഗമായ സീക്രട്ട് മൗണ്ടൻ ചെയ്യുന്നത്.

അതേസമയം പെർപ്ലെക്സിറ്റി (Perplexity) സിഇഒയും ഇന്ത്യൻ വംശജനുമായ അരവിന്ദ് ശ്രീനിവാസുമായും (Aravind Srinivas) റഹ്മാൻ കൂടിക്കാഴ്ച നടത്തി. ഇരുവരും സീക്രട്ട് മൗണ്ടനിനൊപ്പം കോമറ്റ് ബ്രൗസറിന്റെയും (Comet browser) തത്സമയ ഡെമോകൾ നടത്തിയതായി അരവിന്ദ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
AR Rahman collaborates with OpenAI CEO Sam Altman on “Secret Mountain,” a virtual global band blending AI technology with cross-cultural music.