ഇലക്ട്രോണിക് പാസ്പോർട്ടുകൾ അവതരിപ്പിച്ച് കേന്ദ്ര ഗവൺമെന്റ്. ഇമിഗ്രേഷൻ ചെക്ക്പോസ്റ്റുകൾ ഓട്ടോമേറ്റഡ് ഐഡന്റിറ്റി വെരിഫിക്കേഷന് പ്രാപ്തമാക്കുക, വിമാനത്താവളങ്ങളിലെ കാലതാമസം കുറയ്ക്കുക, അതിലൂടെ ആഗോള യാത്രകൾ കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ഇ-പാസ്പോർട്ട് അവതരിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത്. വിശാലമായ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായ പാസ്പോർട്ട് സേവാ 2.0 (PassportSeva 2.0) പദ്ധതിയിലാണ് ഇ-പാസ്പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുന്നത്.
വിദേശകാര്യ മന്ത്രാലയം 2024 ഏപ്രിൽ 1ന് പൈലറ്റ് പ്രോജക്റ്റായി ഇ-പാസ്പോർട്ട് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള ചുരുക്കം ചില നിയുക്ത പാസ്പോർട്ട് ഓഫീസുകൾക്ക് മാത്രമേ നവീകരിച്ച പാസ്പോർട്ടുകൾ നൽകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂ. നിലവിൽ ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വർ, സൂറത്ത്, നാഗ്പൂർ, ഗോവ, ജമ്മു, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, റാഞ്ചി തുടങ്ങിയ നഗരങ്ങളിലെ തിരഞ്ഞെടുത്ത പാസ്പോർട്ട് കേന്ദ്രങ്ങളിൽക്കൂടി ഇ-പാസ്പോർട്ടുകൾ ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

വേഗത്തിലുള്ള പ്രോസസ്സിങ്ങിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി എംബഡഡ് ചിപ്പ് ഉള്ള പേപ്പർ, ഇലക്ട്രോണിക് പാസ്പോർട്ടാണ് ഇ-പാസ്പോർട്ട് അഥവാ ഇലക്ട്രോണിക് പാസ്പോർട്ട്. പാസ്പോർട്ട് ഉടമയുടെ വ്യക്തിഗത വിശദാംശങ്ങളും ബയോമെട്രിക് വിവരങ്ങളുമുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പ് വെച്ചാണ് ഇവയുടെ പ്രവർത്തനം.
ഔദ്യോഗിക പാസ്പോർട്ട് സേവാ പ്ലാറ്റ്ഫോം സന്ദർശിച്ച് ഇ-പാസ്പോർട്ടിന് അപേക്ഷിക്കാം. ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റ് സന്ദർശിച്ച് പുതിയ ഉപയോക്താക്കൾ അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യണം. നിലവിലുള്ള ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാം. തുടർന്ന് ഇ-പാസ്പോർട്ട് അപേക്ഷ പൂരിപ്പിച്ച് പാസ്പോർട്ട് സേവാ കേന്ദ്ര (PSK)യിലോ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്ര (POPSK)യിലോ അപ്പോയിന്റ്മെന്റ് എടുത്ത് ഇ-പാസ്പോർട്ടിനുള്ള ഫീസ് അടയ്ക്കണം. ഡോക്യുമെന്റ് വെരിഫിക്കേഷനും ബയോമെട്രിക് വിശദാംശങ്ങൾ നൽകുന്നതിനുമായി ഷെഡ്യൂൾ ചെയ്ത സമയത്ത് പിഎസ്കെ അല്ലെങ്കിൽ പിഒപിഎസ്കെ സന്ദർശിച്ചാൽ ഇ-പാസ്പോർട്ട് ലഭ്യമാകും.
പാസ്പോർട്ടിലെ ചിപ്പിൽ പേര്, ഫോട്ടോ, വിരലടയാളം പാസ്പോർട്ട് നമ്പർ, ജനന തിയ്യതി തുടങ്ങിയ ബയോമെട്രിക് വിവരങ്ങളുണ്ടാകും. സുരക്ഷിത ചിപ്പ് സാങ്കേതികവിദ്യ വഴി ഇ-പാസ്പോർട്ടുകൾ വ്യാജമാക്കാനോ പകർത്താനോ സാധ്യത വളരെ കുറവാണ്. പാസ്പോർട്ട് പൂർണമായും തുറക്കാതെയോ ബാർകോഡ് സ്കാൻ ചെയ്യാതെയോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ചിപ്പ് വേഗത്തിൽ റീഡ് ചെയ്യിക്കാം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലുള്ളതിനാൽ ഇ-പാസ്പോർട്ട് ആഗോളതലത്തിൽ തടസ്സരഹിതമായ യാത്രയ്ക്കായി ഉപയോഗിക്കാം.
India introduces e-passports with embedded RFID chips for automated verification, reducing airport delays and enhancing global travel efficiency.