മലേഷ്യൻ കൺസ്ട്രക്ഷൻ ഭീമൻമാരായ എവർസെൻഡായ് എഞ്ചിനീയറിംഗ് (Eversendai Engineering) ആന്ധ്രാപ്രദേശിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. ബുർജ് ഖലീഫ (Burj Khalifa), പെട്രോണസ് ടവർസ് (Petronas Towers), സ്റ്റാച്യു ഓഫ് യൂണിറ്റി (Statue of Unity), ചെന്നൈ ഡിഎൽഎഫ് ഡൗൺ ടൗൺ (DLF Downtown Chennai) തുടങ്ങിയ ആഗോള ലാൻഡ്മാർക്കുകളിലെ സ്ട്രക്ചറൽ സ്റ്റീൽ എഞ്ചിനീയറിങ്ങിന് അടക്കം പേരുകേട്ട കമ്പനിയാണ് എവർസെൻഡായ്. ആന്ധ്രയിൽ നിർമാണകേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കമ്പനി ചർച്ച നടത്തി. ചന്ദ്രബാബു നായിഡുവിന്റെ സിംഗപ്പൂർ സന്ദർശനത്തിനിടെയായിരുന്നു ചർച്ച.

ആന്ധ്രാപ്രദേശിൽ വൻ നിക്ഷേപങ്ങൾ കൊണ്ടുവരാനായാണ് ചന്ദ്രബാബു നായിഡു സിംഗപ്പൂരിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയത്. അടിസ്ഥാന സൗകര്യ വികസനം, വ്യാവസായിക വികസനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിരവധി ഉന്നതതല യോഗങ്ങളിൽ ആന്ധ്ര മുഖ്യമന്ത്രി പങ്കെടുത്തു. ആന്ധ്രാപ്രദേശിൽ ലോകോത്തര ഉൽപാദന സൗകര്യവും സംയോജിത പരിശീലന കേന്ദ്രവും സ്ഥാപിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം എവർസെൻഡായ് പ്രതിനിധി അറിയിച്ചു. വിശാഖപട്ടണത്തും കൃഷ്ണപട്ടണത്തുമാണ് 2,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സൗകര്യം ആസൂത്രണം ചെയ്യുന്നതെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.
Eversendai plans a manufacturing facility and training centre while Surbana Jurong explores housing projects as Andhra Pradesh focuses on jobs infrastructure airports ports and global investments