800 രൂപയ്ക്ക് മുകളിലുള്ള മദ്യം ചില്ല് കുപ്പികളിൽ വിതരണം ചെയ്യാൻ കേരളം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മദ്യക്കുപ്പികൾക്ക് 20 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റ് ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിൽക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്നതിന് ഈ സംവിധാനം വഴിയൊരുക്കും.
മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റ് തുകയായി വാങ്ങി, കുപ്പികൾ മദ്യം വാങ്ങിയ അതേ ഔട്ട്ലെറ്റിൽ തിരികെ കൊണ്ട് വന്നു നിക്ഷേപിക്കുമ്പോൾ ഡെപോസിറ്റ് തുക തിരികെ ലഭിക്കുന്ന രീതിയാണ് നടപ്പാക്കുക. മദ്യക്കുപ്പിയിലെ ക്യൂആർ കോഡ് അടങ്ങിയ സ്റ്റിക്കറിലൂടെയാണ് ഈ ഡെപ്പോസിറ്റ് രീതി പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ തിരിച്ചേൽപ്പിക്കുന്ന മദ്യക്കുപ്പികളിലെ ക്യൂആർ കോഡുകൾ നഷ്ടപ്പെടുത്താൻ പാടില്ല. ക്യൂആർ കോഡ് സ്കാൻ ചെയ്ത ശേഷം അധികമായി ഈടാക്കിയ 20 രൂപ തിരികെ നൽകും.

ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും കണ്ണൂരിലുമാണ് പൈലറ്റ് പദ്ധതി ആരംഭിക്കുക. അടുത്ത വർഷത്തോടെ സംസ്ഥാനമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം. ഭാവിയിൽ മദ്യം വാങ്ങിയ ഔട്ട്ലെറ്റിൽ തന്നെ കുപ്പികൾ തിരിച്ചേൽപ്പിക്കുന്നത് ഒഴിവാക്കി ഏത് ഔട്ട്ലെറ്റിലും കുപ്പി തിരികെ നൽകാം എന്ന തരത്തിൽ പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala mandates a refundable ₹20 deposit on plastic liquor bottles to promote recycling and reduce plastic waste in the state.