അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവെച്ച് ഗൗതം അദാനി (Gautam Adani). ഈ സ്ഥാനത്തുനിന്നും അദ്ദേഹം രാജി വെയ്ക്കുന്നതായി കമ്പനി തന്നെയാണ് അറിയിച്ചത്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സമർപ്പിച്ച രേഖകളിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ സുപ്രധാന മാനേജീരിയൽ പോസ്റ്റിൽ നിന്ന് അദ്ദേഹം ഒഴിവാകുന്നതായിട്ടാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഗൗതം അദാനിയെ എക്സിക്യൂട്ടീവ് ചെയർമാനിൽ നിന്നും നോൺ-എക്സിക്യൂട്ടീവ് ചെയർമാനായി പുനർനാമകരണം ചെയ്യാൻ ബോർഡ് അംഗീകാരം നൽകിയതായും ഇതിന്റെ കമ്പനിയുടെ പ്രധാന മാനേജീരിയൽ റോളിൽ നിന്നും അദ്ദേഹം വിരമിക്കുമെന്നും കമ്പനി അറിയിച്ചു. മനീഷ് കെജ്രിവാളിനെ അഡീഷണൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി മൂന്നുവർഷത്തേക്ക് നിയമിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന്റെ സ്ഥാപകനും മാനേജിംഗ് പാർട്ണറുമാണ് മനീഷ് കെജ്രിവാൾ. അദാനി ഗ്രൂപ്പിന്റെ (Adani Group) ചെയർമാനും സ്ഥാപകനുമാണ് ഗൗതം അദാനി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, വിഭവങ്ങൾ, ലോജിസ്റ്റിക്സ്, ഊർജ്ജം എന്നീ മേഖലകളിൽ ആഗോള വമ്പൻമാരായി അദാനി ഗ്രൂപ്പ് ഉയർന്നുവന്നതായി കമ്പനി ചൂണ്ടിക്കാട്ടി.

അതേസമയം, അദാനി ഗ്രൂപ്പിന്റെ മാസങ്ങൾ നീണ്ടുനിന്ന നിയമപരമായ പ്രതിസന്ധികൾക്ക് ശേഷമാണ് ഈ അപ്രതീക്ഷിത പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. അദാനിയുടെ പ്രധാന സൗകര്യമായ മുന്ദ്ര തുറമുഖം വഴി ഇറാനിൽ നിന്ന് നിരോധിത ദ്രവീകൃത പെട്രോളിയം വാതകം ഇറക്കുമതി ചെയ്തു എന്ന യുഎസ് ആരോപണം, ഗൗതം അദാനിയെയും കൂട്ടാളികളെയും ലക്ഷ്യമിട്ട് യുഎസ് പ്രോസിക്യൂട്ടർമാരും എസ്ഇസിയും കൊണ്ടുവന്ന 250 മില്യൺ ഡോളറിന്റെ കൈക്കൂലി, വഞ്ചന അന്വേഷണം – ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങിയ പ്രതിസന്ധികൾക്കിടെയാണ് പടിയിറക്കം.
Gautam Adani resigns as Executive Chairman of Adani Ports and SEZ, transitioning to a non-executive role amid ongoing challenges.