ആഗോള പരീക്ഷണങ്ങൾക്കൊപ്പം ഇന്ത്യയും അതിവേഗ ഗതാഗത മാർഗമായ ഹൈപ്പർലൂപ്പ് (Hyperloop) യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടത്തിലാണ്. ഇപ്പോൾ ഇന്ത്യ ഹൈപ്പർലൂപ്പ് പരീക്ഷണത്തിൽ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. മദ്രാസ് ഐഐടിയിൽ (IIT Madras) രൂപീകരിച്ച ടെക്നോളജി സ്റ്റാർട്ടപ്പായ ടിയുടിആർ ഹൈപ്പർലൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് (TuTr Hyperloop Private Limited) ഇന്ത്യയിൽ ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡുമായി (BEML) പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
ബിഇഎംഎല്ലിലെ കോർപ്പറേറ്റ് ടെക്നോളജി പ്ലാനിംഗ് ആൻഡ് അലയൻസ് മാനേജ്മെന്റ് മേധാവി ലിംഗരാജ് വി. വിരക്തമഠവും ട്യൂട്ടർ ഹൈപ്പർലൂപ്പിന്റെ ഡയറക്ടറും സിഇഒയുമായ അരവിന്ദ് എസ്. ഭരദ്വാജും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ടിയുടിആർ ഹൈപ്പർലൂപ്പിന്റെ പ്രധാന നിർമ്മാണ പങ്കാളിയായി ബിഇഎംഎൽ പ്രവർത്തിക്കും. ഉയർന്ന വേഗതയിൽ യാത്രക്കാരെയും ചരക്കുകളെയും കൊണ്ടുപോകാൻ കഴിയുന്ന പ്രോട്ടോടൈപ്പ് പോഡ് വികസിപ്പിക്കുക എന്നതാണ് സഹകരണത്തിന്റെ ലക്ഷ്യം.

അതിവേഗ ഗതാഗതത്തിൽ ഇന്ത്യയുടെ ശ്രമങ്ങൾക്കുള്ള പ്രധാന ചുവടുവയ്പ്പാണ് പങ്കാളിത്തമെന്ന് ബിഇഎംഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശാന്തനു റോയ് പറഞ്ഞു. ഇന്ത്യൻ എഞ്ചിനീയറിംഗും നിർമ്മാണവും ഉപയോഗിച്ച് നിർമ്മിച്ച ഗതാഗത സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ വികസിത് ഭാരത് 2047 (Viksit Bharat 2047), ആത്മനിർഭർ ഭാരത് (Atmanirbhar Bharat) എന്നിവയുടെ ലക്ഷ്യങ്ങളുമായി പങ്കാളിത്തം യോജിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു
IIT Madras startup TuTr Hyperloop and BEML sign a deal to develop hyperloop technology in India, a major step for high-speed transport.