മികച്ച കോർപ്പറേറ്റ് ജോലിയിൽ വളരെ കംഫർട്ടബിളായി മുന്നോട്ട് പോകുമ്പോഴാണ് ഐടി വിദഗ്ധരായ ദീപു സേവ്യറിനും (Deepu Xavier) കെ.എസ്. ജ്യോതിസ്സിനും (K.S. Jyothis) സ്റ്റാർട്ടപ് ലഹരി തലയിൽ കയറുന്നത്. ഏക വരുമാനമായ ജോലി ഉപേക്ഷിച്ച് സ്റ്റാർട്ടപ് എന്ന തീരുമാനം എടുക്കുന്നത് ചെറായിയിലെ ഒരു ഹോട്ടലിൽ വെച്ചും. ഒരു ദിവസം മുഴുവൻ ഇരുന്ന് ആശയം ചർച്ച ചെയ്ത് മടങ്ങുമ്പോൾ തീരുമാനിച്ചത് പിറ്റേന്ന് രാജിക്കത്ത് ഇടാൻ! സാപ്പിഹയർ (Zappyhire) പിറന്നത് അങ്ങനെയാണ്!

2018ലാണ് ദീപുവും ജ്യോതിസ്സും ചേർന്ന് സാപ്പിഹയർ ആരംഭിക്കുന്നത്. 14 വർഷത്തെ കരിയറിനിടയിൽ അനുഭവിച്ച പ്രതിസന്ധികൾ തരണം ചെയ്യുക എന്നതായിരുന്നു സാപ്പിഹയർ ആരംഭിക്കുന്ന കാലത്തെ ലക്ഷ്യം. സാധാരണ സ്റ്റാർട്ടപ്പ് ഫൗണ്ടേർസിനെ പോലെ ചെറുപ്പം ഉള്ള യാത്രയായിരുന്നില്ല ഇരുവരുടേതും. 35-40 വയസ്സിനു ശേഷം സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ അതിന്റെ പോസിറ്റീവ്സും നെഗറ്റീവ്സും ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. പരിചയസമ്പത്ത്, ബന്ധങ്ങൾ, സാമ്പത്തിക അടിത്തറ തുടങ്ങിയവയായിരുന്നു നല്ല വശങ്ങൾ. മറുവശത്ത് ഉത്തരവാദിത്വങ്ങൾ, ഫ്ലക്സിബിലിറ്റി കുറവ് തുടങ്ങിയവ നെഗറ്റീവ്സായി.
ഇൻഫോസിസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായാണ് ഇരുവരും കരിയർ ആരംഭിച്ചത്. അന്നൊന്നും ബിസിനസ്സിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. തുടർന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കരിയർ തുടർന്നു. ഒരു തരത്തിലുമുള്ള ബിസിനസ് പാരമ്പര്യം ഇല്ലാത്ത കുടുംബമായിരുന്നു. അതുകൊണ്ടുതന്നെ ജോലിയിലെ ഉയർച്ചകൾ മാത്രമായിരുന്നു അക്കാലത്തെ നോട്ടം. ഇൻഫോസിസിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയതോടെ ബിസിനസ് ആശയങ്ങളും പരസ്പരം പങ്കുവെയ്ക്കാൻ ആരംഭിച്ചു. ദീപു ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് എത്തിയപ്പോൾ ആ ആശയങ്ങളും കൂടിക്കാഴ്ചകളും പങ്കുവെയ്ക്കലുകളും വർധിച്ചു. അതിന്റെ ഫലമായാണ് സാപ്പിഹയർ തുടങ്ങുന്നത്.
2009 മുതലുള്ള ചർച്ചകളുടെ ഫലമായാണ് സാപ്പിഹയർ ആരംഭിക്കുന്നത്. സ്റ്റാർട്ടപ്പ് ആശയങ്ങളിൽ ഉറപ്പില്ലാത്തത് അല്ലായിരുന്നു വിഷയം, മറിച്ച് ജോലി വേണ്ടെന്ന് വെച്ച് അതിലേക്ക് ഇറങ്ങുക എന്ന തീരുമാനത്തിൽ എത്തുന്നതിലായിരുന്നു താമസം. അതിനാണ് ഈ നീണ്ട കാലം എടുത്തത്. കരിയർ കാലത്ത് അനുഭവിച്ച പ്രധാന കാര്യം എന്നത് റിക്രൂട്ട്മെന്റും ഹയറിങ്ങുമായി ബന്ധപ്പെട്ടതായിരുന്നു. മികച്ച രീതിയിലല്ല ഹയറിങ് നടക്കുന്നതെന്നും അതിൽ ഒരുപാട് മാന്വൽ പ്രോസസ് ആവശ്യമായി വരുന്നെന്നുമുള്ള തിരിച്ചറിവുണ്ടായി. വലുപ്പച്ചെറുപ്പമില്ലാതെ കമ്പനികൾക്ക് ഹൈറിങ് ബാലികേറാമലയാണ് എന്ന തിരിച്ചറിവ്. അതുകൊണ്ടുണ്ടാകുന്ന സമയനഷ്ടം. ആ നഷ്ടത്തിന് പരിഹാരം കാണുകയായിരുന്നു ലക്ഷ്യം.
കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ട സമയത്തായിരുന്നു സ്റ്റാർട്ടപ്പിലേക്കുള്ള വരവ്. സ്റ്റാർട്ടപ്പ് തുടങ്ങണം എന്ന് ആഗ്രഹിച്ചിരുന്നു എന്നല്ലാതെ അതിന് പ്രാക്റ്റിക്കൽ ആയി നിറവേറ്റേണ്ട കാര്യങ്ങളെ കുറിച്ചൊന്നും വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നില്ല. ആ പ്ലാനാണ് ചെറായിയിലെ ഹോട്ടൽ മുറിയിൽ വെച്ച് ഉരുത്തിരിഞ്ഞത്. ഒറ്റ ദിവസം കൊണ്ട് എത്ര നിക്ഷേപം വേണം എന്നതിനെക്കുറിച്ചും ആദ്യത്തെ കസ്റ്റമേർസ് ആരായിരിക്കും, ഫീച്ചേർസ് എന്തെല്ലാമായിരിക്കും, പ്രൊഡക്റ്റ് എങ്ങനെ വേണം, എങ്ങനെ എക്സ്പാൻഡ് ചെയ്യണം, എത്ര പേരെ ഹയർ ചെയ്യണം തുടങ്ങിയവയെല്ലാം ഈ ഒറ്റ ദിവസം കൊണ്ട് തീരുമാനിക്കപ്പെട്ടു. മറ്റൊരു കാര്യം കൂടി അന്ന് തീരുമാനിക്കപ്പെട്ടു, പിറ്റേ ദിവസം തന്നെ ജോലി രാജി വെയ്ക്കാനുള്ള തീരുമാനം. തീരുമാനം നടപ്പാക്കപ്പെട്ടു. ജോലി വിടുന്നത് സാഹസം തന്നെയായിരുന്നു. മറ്റൊരു വരുമാനവും കുടുംബത്തിന് ഉണ്ടായിരുന്നില്ല. എങ്കിലും ആ വഴിക്ക് തന്നെ മുന്നോട്ടുപോയി.
സാധാരണ ഗതിയിലുള്ള ഒരു റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമിൽ ഹയറിങ് തീരുമാനം മുതൽ കാൻഡിഡേറ്റ് ജോയിൻ ചെയ്യുന്നതുവരെയുള്ള പ്രോസസിൽ ഒരുപാട് മാന്വൽ പ്രോസസ് ഉണ്ട്. ഇതിൽ റിക്രൂട്ടേർസ് മാന്വലി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവരുന്നു. ഇത്തരം പ്രോസസ് എല്ലാം ഓട്ടോമേറ്റ് ചെയ്യുന്ന രീതിയാണ് സാപ്പിഹയറിന്റെ സവിശേഷത. അക്കാലത്ത് ഒരുപാട് കമ്പനികൾക്ക് ഈ സമ്പൂർണ ഓട്ടോമേറ്റഡ് ഹയറിങ് എന്നത് വലിയ ആവശ്യമാണെന്ന് മനസ്സിലാക്കി. ആ മനസ്സിലാക്കലിൽ നിന്നാണ് ചെറിയ ടീമിനെ ഇതിനായി വെച്ച് യാത്ര ആരംഭിക്കുന്നത്.
ഗൈഡൻസ് എന്നത് തുടക്കകാലത്ത് പ്രശ്നമായിരുന്നു. അങ്ങനെയാണ് ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിനെ (NASSCOM) സമീപിക്കുന്നത്. നാസ്കോമിൽ നിന്നുള്ള ഗൈഡൻസിന്റെ അടക്കം അടിസ്ഥാനത്തിൽ ആദ്യ ഹയറിങ്ങ് നടത്തി. പിന്നീട് ഒരു ഫ്രീലാൻസറേയും ജോലിക്കെടുത്തു. പതിയെ ജീവനക്കാരുടെ എണ്ണം കൂടി. ഫ്രീലാൻസേർസ് ആയിരുന്നു കൂടുതലും. അതായിരുന്നു സാപ്പിഹയറിന്റെ ആദ്യ ടീം. ഫെഡറൽ ബാങ്ക് (Federal Bank) ആയിരുന്നു സാപ്പിഹയറിന്റെ ആദ്യ കസ്റ്റമർ. തുടർന്ന് സാപ്പിഹയറിന്റെ ആദ്യ വേർഷനും ലോഞ്ച് ചെയ്തു. അക്കാലത്ത് വോൾവോയുടെ ഒരു പരസ്യചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഓട്ടോമേറ്റഡ് ഇന്റർവ്യൂവർ എന്നതിലേക്ക് സാപ്പിഹയർ എത്തുന്നത്. അതേസമയത്താണ് സാപ്പിഹയറിന്റെ ആപ്പ് ഫെഡറൽ ബാങ്കിന് പരിചയപ്പെടുത്തുന്നത്. ആ പ്രൊജക്റ്റ് ബിൽഡ് ചെയ്യാനുള്ള കോൺട്രാക്റ്റ് ഫെഡറൽ ബാങ്കിൽ നിന്നും ലഭിച്ചു.
സാപ്പിഹയർ കേരളത്തിൽത്തന്നെ തുടങ്ങാനായിരുന്നു ഇരുവരുടേയും തീരുമാനം. മികച്ച ടീം ഉണ്ടാക്കുന്നതിൽ മുതൽ കേരള സ്റ്റാർട്ടപ്പ് മിഷനിൽ (KSUM) നിന്നടക്കമുള്ള മികച്ച ഇക്കോസിസ്റ്റം സപ്പോർട്ടും കേരളത്തിൽ സ്റ്റാർട്ടപ്പ് ആരംഭിച്ചതിന്റെ ഫലമായി ഉണ്ടായി. 2018 മുതൽ ഇന്നുവരെ സാപ്പിഹയറിനു കിട്ടിയ മുഴുവൻ പിന്തുണയും കേരളത്തിലെ സംരംഭക ഇക്കോസിസ്റ്റത്തിൽ നിന്നാണ്. അതുകൊണ്ട് കേരളത്തിൽ ബിസിനസ് ആരംഭിച്ചു എന്നത് തെറ്റായ തീരുമാനമായി എന്ന് ഒരിക്കൽപ്പോലും തോന്നിയില്ല. ഫെഡറൽ ബാങ്കിനു വേണ്ടി ചെയ്ത് പ്രൊജക്റ്റ് സാപ്പിഹയറിനെ സംബന്ധിച്ച് വലിയ ആവേശം നൽകി. ഒരു വർഷത്തോളം പണിപ്പെട്ട് ഉണ്ടാക്കിയ പ്രൊജക്റ്റ് മികച്ചതെന്ന് ഉപഭോക്താവ് പറഞ്ഞതോടെയാണ് അങ്ങനെയൊരു എക്സൈറ്റ്മെന്റ് ഉണ്ടായത്.
രണ്ടാമത്തെ കസ്റ്റമറിനെ ഓൺബോർഡ് ചെയ്യുന്ന സമയത്ത് ആ കമ്പനി തന്നെ സാപ്പിഹയറിൽ നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചു. കസ്റ്റമർ വിശ്വാസത്തിനും അപ്പുറം നിക്ഷേപക താത്പര്യം ഉണ്ടായത് സാപ്പിഹയറിനെ സംബന്ധിച്ച് പ്രധാന നേട്ടമായി. അങ്ങനെയാണ് ബേബി മെമോറിയൽ ഹോസ്പിറ്റൽ (Baby Memorial Hospital) സാപ്പിഹയറിലെ ആദ്യ ഇൻവെസ്റ്റേർസ് ആയത്. ആദ്യഘട്ടത്തിൽ സാപ്പിഹയറിന് ഏറ്റവും ആത്മവിശ്വാസം നൽകിയ മുഹൂർത്തമായി അത്. പിന്നീടങ്ങോട്ട് സാപ്പിഹയർ കൂടുതൽ കസ്റ്റമേർസിനെ കൂടെക്കൂട്ടി. പ്രൊഡക്റ്റിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു.
നിലവിൽ സാപ്പിഹയർ, സാപ്പിവ്യൂ (ZappyVue) എന്നിങ്ങനെ രണ്ട് പ്രൊഡക്റ്റുകളാണ് കമ്പനിക്കുള്ളത്. സാപ്പിഹയർ എന്നത് ഒരു എൻഡ് ടു എൻഡ് റിക്രൂട്ടമെന്റ് ഓട്ടോമേഷനാണ്. അതേസമയം കമ്പനിയുടെ താരതമ്യേന പുതിയ പ്രൊഡക്റ്റാണ് സാപ്പിവ്യൂ. ഇന്റർവ്യൂവിന്റെ ഇനീഷ്യൽ റൗണ്ട് അഥവാ സ്ക്രീനിങ് സമ്പൂർണമായും ഓട്ടോമേറ്റ് ചെയ്യുകയാണ് സാപ്പിവ്യൂവിലൂടെ. മനുഷ്യരില്ലാതെതന്നെ കാൻഡിഡേറ്റ് ഇന്ററാക്ഷൻ, ഇവാല്യുവേഷൻ തുടങ്ങിയവ ചെയ്യുന്നു എന്നതാണ് സാപ്പിവ്യൂവിന്റെ സവിശേഷത. റിക്രൂട്ട്മെന്റിൽ ഏറ്റവും വെല്ലുവിളിയുള്ള പ്രോസസ്സാണ് ഇനീഷ്യൽ സ്ക്രീനിങ്. അത് പൂർണമായും ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ റിക്രൂട്ടേർസിന് കുറഞ്ഞ സമയത്തിനുള്ളിൽ ഹയറിങ് സാധ്യമാക്കും. ഈ ആശയത്തിൽനിന്നാണ് സാപ്പിവ്യൂ സാധ്യമായത്.
സാപ്പിവ്യൂ പെട്ടെന്ന് തന്നെ പേരെടുത്തു. ഇന്ന് മൗറീഷ്യസിലെ (Mauritius) അബ്സ ബാങ്ക് (Absa Bank), മാരുതി സുസുക്കി (Maruti Suzuki), 99 ഏക്കർസ് (99acres.com), അപ്ഗ്രാഡ് (upGrad) പോലുള്ള വമ്പൻ കസ്റ്റമേർസിലേക്ക് സാപ്പിവ്യൂ എത്തിനിൽക്കുന്നു. നിലവിൽ 80ലധികം കമ്പനികൾ സാപ്പിഹയർ, സാപ്പിവ്യൂ ഉപയോഗിച്ച് ഹയറിങ് നടത്തുന്നു. നാൽപ്പതോളം ജീവനക്കാരാണ് കമ്പനിക്ക് ഇപ്പോഴുള്ളത്. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നും സാപ്പിഹയറിന് അറിയാം. അതുകൊണ്ടുതന്നെ എഐ കാലത്ത് നിർമിത ബുദ്ധി ഹയറിങ്ങിനെ എങ്ങനെ മാറ്റിമറിക്കും എന്നതിനെക്കുറിച്ചുള്ള നിരന്തര ഗവേഷണത്തിലാണ് കമ്പനി.
കേരള ഏയ്ഞ്ചൽ നെറ്റ് വർക്കിൽ (KAN) നിന്നായിരുന്നു സാപ്പിഹയറിന്റെ രണ്ടാം ഘട്ട നിക്ഷേപം. നാലു വർഷം മുൻപായിരുന്നു അത്. അവിടുന്നിങ്ങോട്ട് കമ്പനി മികച്ച സ്കെയിലിങ് നടത്തി. ഇതോടൊപ്പം നിരവധി എന്റർപ്രൈസ് കസ്റ്റമേർസിനെ ചേർക്കാനും സാധിച്ചു. ഇതെല്ലാം സാപ്പിഹയർ വിജയമായി കാണുന്നു. ഇവിടെനിന്നും കൂടുതൽ ആഗോള കസ്റ്റമേർസിനെ കൊണ്ടുവരികയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിൽ നിൽക്കുമ്പോഴും വന്ന വഴിയും വേരും മറക്കുന്നില്ല സാപ്പിഹയർസ്. കേരളത്തിൽ പഠിച്ചു വളർന്ന രണ്ട് മിഡിൽ ക്ലാസ് എഞ്ചിനീയർമാർ, കേരളത്തിൽത്തന്നെ സംരംഭം ആരംഭിച്ച് വളർന്ന വിജയഗാഥയാണ് സാപ്പിഹയർസ് മുന്നോട്ടുവെയ്ക്കുന്നത്. ആ വിജയഗാഥ ഇനി വരുന്ന ഓരോ സ്റ്റാർട്ടപ്പുകൾക്കും കേരളത്തിന്റെ സംരംഭക ആവാസവ്യവസ്ഥയുടെ കെൽപ്പിനെക്കുറിച്ച് കൂടി വലിയ സന്ദേശം നൽകുന്നതാണ്.
Discover Zappyhire, the Kerala-based AI platform automating recruitment, founded by IT veterans Deepu Xavier and K.S. Jyothis.