ഇന്ത്യയിൽ തങ്ങളുടെ ആദ്യ സൂപ്പർചാർജിംഗ് സ്റ്റേഷൻ തുറന്ന് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല (Tesla). മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലാണ് (BKC) ടെസ്ല തങ്ങളുടെ ആദ്യ സൂപ്പർചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. കമ്പനി അടുത്തിടെ ഇന്ത്യയിൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്യുവി മോഡൽ വൈ (Model Y) പുറത്തിറക്കിയതിനു പിന്നാലെയാണ് ഇപ്പോൾ സൂപ്പർചാർജിംഗ് ഹബ്ബ് ആരംഭിച്ചിരിക്കുന്നത്. 59.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് മോഡൽ വൈ ടെസ്ല ഇന്ത്യൻ വിപണയിൽ എത്തിച്ചിരിക്കുന്നത്.
മുംബൈയിലെ പുതിയ സൂപ്പർചാർജർ സൗകര്യത്തിൽ ആകെ എട്ട് ചാർജിംഗ് സ്റ്റാളുകളാണ് ഉള്ളത്. ടെസ്ലയുടെ ഏറ്റവും പുതിയ V4 സൂപ്പർചാർജറുകളിൽ നാലെണ്ണവും (DC ഫാസ്റ്റ് ചാർജറുകൾ), നാല് സ്ലോ എസി ഡെസ്റ്റിനേഷൻ ചാർജറുകളും അടക്കമാണിത്. ഉയർന്ന പവറുള്ള സൂപ്പർചാർജറുകൾ 250 kW വരെ വൈദ്യുതി നൽകാൻ പ്രാപ്തമാണ്. ഇത് മോഡൽ വൈ പോലുള്ള ടെസ്ല വാഹനങ്ങൾ വെറും 20 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്നും 80 ശതമാനമാക്കി റീചാർജ് ചെയ്യാൻ അനുവദിക്കുന്നു. അതായത് ഏകദേശം 15 മിനിറ്റിനുള്ളിൽ 300 കിലോമീറ്റർ റേഞ്ച് നൽകാൻ സൂപ്പർചാർജറിലൂടെ സാധിക്കും. വാഹനം ഫുൾ ചാർജ് ചെയ്യാൻ 1800 രൂപ വരെ ചിലവ് വരും.

Tesla has opened its first Supercharging hub in Mumbai, India, featuring eight charging stalls with V4 Superchargers for fast EV charging.