ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ അനുവദിച്ച് കുവൈത്ത്. ജിസിസി വിസയുള്ളവർക്ക് മുൻകൂർ അപേക്ഷയോ എംബസി നടപടിക്രമങ്ങളോ വേണ്ടാതെ ടൂറിസ്റ്റ് വിസ ഓൺ അറൈവൽ വഴി നേടാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസെഫ് അൽ-സബാഹിന്റെ (Sheikh Fahad Al-Yousef Al-Sabah) നിർദേശപ്രകാരമാണ് നടപടി. ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ടൂറിസ്റ്റ് വിസ ഓൺ അറൈവൽ ആയി ലഭിക്കാൻ അർഹതയുണ്ടെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു.
ഈ യാത്രക്കാർക്ക് ജിസിസി രാജ്യങ്ങളിൽ കുറഞ്ഞത് ആറു മാസത്തെ സാധുവായ താമസാനുമതി ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്. കുവൈത്തിലെ വിമാനത്താവളങ്ങളിലോ റോഡ് അതിർത്തികളിലോ എത്തിച്ചേരുമ്പോൾ നേരിട്ട് വിനോദസഞ്ചാര വിസ ലഭ്യമാകും. വിസ സംബന്ധിച്ച പഴയ വ്യവസ്ഥകൾ പുതുക്കിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനായി റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു.
Kuwait now offers visa on arrival to expats with valid residency in GCC countries, simplifying travel for those from Saudi Arabia, UAE, and others.