സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഇന്ത്യ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള ഇന്ത്യയുടെ ശ്രമങ്ങൾ മികച്ച രീതിയിൽ മുന്നേറുകയാണെന്ന് ഐഎസ്ആർഒ (ISRO) ചെയർമാൻ ഡോ. വി. നാരായണൻ (Dr. V. Narayanan) പറഞ്ഞു. 2035ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ ബഹിരാകാശ നിലയം കമ്മീഷൻ ചെയ്യുമെന്നും ഗഗൻയാൻ ആദ്യ ദൗത്യം ഈ വർഷം ഡിസംബറിൽ നടക്കുമെന്നും ഐഎസ്ആർഒ തലവൻ പറഞ്ഞു.

8 ദൗത്യങ്ങളാണ് ഐഎസ്ആർഒ 2025ൽ ലക്ഷ്യമിടുന്നത്. ഐഎസ്ആർഓയുടെ അടുത്ത വിക്ഷേപണ ദൗത്യം ഏതെന്നും വൈകാതെ പ്രഖ്യാപിക്കും. നാവിഗേഷൻ സാറ്റലൈറ്റായ എൻവിഎസ്-03 (NVS-03 navigation satellite) വിക്ഷേപണം ഉടൻ നടത്തും. നാവിക് ശൃംഖലയിലെ (NavIC) മുൻ ഉപഗ്രഹമായ എൻവിഎസ് 02 വിക്ഷേപണ ശേഷം സാങ്കേതിക പ്രശ്നം കണ്ടെത്തിയിരുന്നു. അവ പരിഹരിച്ചാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ബഹിരാകാശത്തെ നാസ- ഐഎസ്ആർഒ സംയുക്ത ദൗത്യമായ നിസാർ ഉപഗ്രഹം (NISAR satellite) മൂന്നു മാസത്തിനുള്ളിൽ പൂർണ പ്രവർത്തനസജ്ജമാകുമെന്നും വി. നാരായണൻ പറഞ്ഞു. ആക്‌സിയം 4 ദൗത്യത്തിലൂടെ (Axiom-4) അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല (Shubhamshu Shukla) ഉടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തും. ഇതിനു പിന്നാലെ ഗഗൻയാൻ ദൗത്യത്തിൽ നിർണായക മുന്നേറ്റം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.