ലോകത്ത് ഇന്നുവരെ ജീവിച്ചവരിൽ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ ഒരാളാണ് 14ആം നൂറ്റാണ്ടിൽ ആഫ്രിക്കയിലെ മാലി സാമ്രാജ്യത്തിലെ രാജാവായിരുന്ന മൻസ മൂസ (Mansa Musa). ഇന്നത്തെ കണക്കുവെച്ച് നോക്കുമ്പോൾ അദ്ദേഹത്തിന് ഏതാണ്ട് 400 ബില്യൺ മുതൽ 500 ബില്യൺ ഡോളർ വരെ ആസ്തിയുണ്ടായിരുന്നിരിക്കണം എന്ന് വിലയിരുത്തപ്പെടുന്നു.

1280ൽ ജനിച്ച മൂസ 1312ലാണ് രാജാവായി അധികാരത്തിലേറുന്നത്. ഇന്നത്തെ സെനഗൽ, ബുർകിന ഫാസോ, ഗിനിയ, ഐവറി കോസ്റ്റ് എന്നിങ്ങനെ പടർന്ന സാമ്രാജ്യമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ ഭരണപ്രദേശത്ത് യഥേഷ്ടം ഉണ്ടായിരുന്ന സ്വർണ നിക്ഷേപമായിരുന്നു മൻസ മൂസയുടെ സമ്പാദ്യത്തിൽ പ്രധാന പങ്കുവഹിച്ചത്. അക്കാലത്ത് ലോകത്തിന്റെ മൊത്തം സ്വർണത്തിന്റെ പകുതിയും എത്തിയത് മൻസയുടെ സാമ്രാജ്യത്തിൽ നിന്നായിരുന്നു.
മൻസ മൂസയുടെ ഹജ്ജ് യാത്രയെക്കുറിച്ച് അക്കാലത്തെ നിരവധി ചരിത്രകാരൻമാർ വിവരിച്ചിട്ടുണ്ട്. യാത്രയിൽ 8000 രാജസദസ്സിലെ അംഗങ്ങൾ, 12000 സേവകർ, സ്വർണം പേറുന്ന നൂറിലധികം ഒട്ടകങ്ങൾ തുടങ്ങിയവ ഉണ്ടായിരുന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു. യാത്രയ്ക്കിടെ കെയ്റോയിൽ (Cairo) മൂന്നു മാസത്തോളം അദ്ദേഹം ചിലവഴിച്ചു. അവിടെവെച്ച് അദ്ദേഹം നിരവധി പേർക്ക് കിലോക്കണക്കിന് സ്വർണം ദാനം ചെയ്തെന്നും ഇതിന്റെ ഫലമായി സ്വർണത്തിന്റെ വില തന്നെ വൻ തോതിൽ ഇടിഞ്ഞുവെന്നും എല്ലാം പോകുന്നു ചരിത്ര കഥകൾ.
കല, വിദ്യാഭ്യാസം എന്നിവയുടെ ഉന്നമനത്തിനും മൻസ നിരവധി കാര്യങ്ങൾ ചെയ്തിട്ടുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നു. ഒരു കവിക്ക് അദ്ദേഹം 200 കിലോഗ്രാമോളം സ്വർണം സമ്മാനമായി നൽകി. ഇതിനു പുറമേ നിരവധി ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം പണിതു.
Learn about Mansa Musa, the 14th-century ruler of the Mali Empire, considered the richest person in history with an estimated wealth of up to $500 billion.