സൂത്രവാക്യങ്ങളിലൂടെയുള്ള കഠിനാധ്വാനം എന്നതിനപ്പുറം ഇന്ത്യൻ ഗണിതലോകത്ത് കൂടുതൽ പര്യവേക്ഷണങ്ങൾ ആവശ്യമാണെന്ന് ഫീൽഡ്സ് മെഡൽ (Fields Medal) ജേതാവ് മഞ്ജുൾ ഭാർഗവ (Manjul Bhargava). രാജ്യം വീണ്ടും ഗണിതശാസ്ത്രത്തെ പ്രണയിച്ചു തുടങ്ങണമെന്നും ഇന്ത്യയിലെ ആദ്യ സ്വകാര്യ ഫണ്ടിംഗ് അടിസ്ഥാനത്തിലുള്ള ഗണിത ഗവേഷണ സ്ഥാപനമായ (Privately Funded Mathematics Research Institute) ലോധ ഗണിത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് (Lodha Mathematical Sciences Institute – LMSI) ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ലോധ ഫൗണ്ടേഷൻ്റെ (Lodha Foundation) ₹20,000 കോടിയുടെ ധനസഹായത്തോടെ ആരംഭിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ ഉപദേശക സമിതി അംഗം കൂടിയാണ് മഞ്ജുൾ ഭാർഗവ.
പോസ്റ്റ് ഡോക്ടറൽ ഗവേഷണങ്ങൾ, രാജ്യത്തെ പ്രതിഭാശാലികളായ ഗണിതശാസ്ത്രജ്ഞരെ കണ്ടെത്തി വളർത്തിക്കൊണ്ടുവരിക തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. മുൻപ് കാനഡയിലെ ഫീൽഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (Fields Institute) ഡയറക്ടറായിരുന്ന ഡോ. വി. കുമാർ മൂർത്തിയാണ് (V. Kumar Murthy) എൽഎംഎസ്ഐ സ്ഥാപക ഡയറക്ടർ. മഞ്ജുൾ ഭാർഗവയ്ക്കു പുറമേ നചികേത്മോർ (Nachiket Mor), വിക്രമൻ ബാലാജി (Vikraman Balaji), സൗരവ് ചാറ്റർജി (Sourav Chatterjee), വി. രവി (V. Ravi), യാക്കോവ് ഇലിയഷ്ബർഗ് (Yakov Eliashberg) തുടങ്ങിയവരാണ് സ്ഥാപനത്തിന്റെ മറ്റ് ഉപദേശക സമിതി അംഗങ്ങൾ.
ആരംഭ ഘട്ടത്തിൽ അധ്യാപകരെയും മുതിർന്ന ഗവേഷകരെയും ഉൾപ്പെടുത്തി ഗവേഷണ-പഠന പ്രവർത്തനങ്ങൾ നടത്തുകയാണ് എൽഎംഎസ്ഐ ചെയ്യുക. മഞ്ജുൾ ഭാർഗവയുടെ നേതൃത്വത്തിൽ “Arithmetic Statistics” വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം ഓഗസ്റ്റ് അവസാനം മുതൽ ഡിസംബർ വരെ നടക്കും. 2026 ഡിസംബറോടെ “ഫസ്റ്റ് ഇന്ത്യൻ കോൺഗ്രസ് ഓഫ് മാത്തമറ്റീഷ്യൻസ്” സംഘടിപ്പിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞരെ ഒരുമിച്ചു കൊണ്ടുവരികയാണ് കോൺഗ്രസ് ഓഫ് മാത്തമറ്റീഷ്യൻസിലൂടെ ചെയ്യുക
The Lodha Mathematical Sciences Institute (LMSI) has been inaugurated as India’s first privately-funded institute dedicated to mathematics research.