മനുഷ്യ ചരിത്രത്തെ തന്നെ തിരുത്താവുന്ന സാങ്കേതികവിദ്യയുമായി ചൈനീസ് ശാസ്ത്രജ്ഞർ. ആർട്ടിഫിഷ്യൽ ഗർഭപാത്രത്തിലൂടെ ഹ്യൂമനോയിഡ് റോബോട്ടുകളെ കുഞ്ഞുങ്ങൾക്ക് ‘ജന്മം നൽകാൻ’ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യയാണ് ചൈനയിൽ ഒരുങ്ങുന്നത്. 2026ഓടെ പദ്ധതി നടപ്പിലാക്കുമെന്ന് ഗ്വാങ്‌ഷൂവിലെ കയ്വ ടെക്‌നോളജി (Kaiwa Technology) അറിയിച്ചു. ഗർഭധാരണം നടത്താൻ ശേഷിയുള്ള ഹ്യൂമനോയിഡ് റോബോട്ടുകളിൽ സ്ത്രീകളിലെ ഗർഭപാത്രത്തിന്റെ എല്ലാ പ്രവർത്തനശേഷിയും സജ്ജമാക്കുമെന്ന് കയ്വ ടെക്നോളജി പ്രൊജക്റ്റ് ലീഡ് ഡോ. ഷാങ് ക്വിഫെങ് പറഞ്ഞു.
കൃത്രിമ ഗർഭപാത്രത്തിനുള്ളിൽ ഗർഭധാരണം പുനർനിർമിക്കുന്നതാണ് പദ്ധതി. ഹ്യൂമനോയ്ഡ് റോബോട്ടിൻറെ ശരീരത്തിനുള്ളിൽ കൃത്രിമമായി നിർമിച്ച അംനിയോട്ടിക് ദ്രാവകം നിറഞ്ഞ ഗർഭപാത്രം പോലുള്ള സ്ഥലത്താണ് കുഞ്ഞ് വളരുക. പദ്ധതിയുടെ സാങ്കേതികവിദ്യ ഇപ്പോൾ ഏതാണ്ട് പൂർണ്ണമായെന്ന് അവകാശപ്പെടുന്ന ഡോ. ഷാങ് സാങ്കേതികവിദ്യയ്ക്കുള്ള നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കുന്നതിനായി അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും അറിയിച്ചു.
പുതിയ സാങ്കേതികവിദ്യ വിജയകരമായാൽ പ്രത്യുൽപാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കും. സാധാരണ ഗതിയിൽ ഏറെ ചിലവേറിയ പ്രത്യുൽപാദന ചികിത്സാ രംഗത്ത് ഒരു ലക്ഷം യുവാൻ (ഏകദേശം 12 ലക്ഷം രൂപ) മാത്രമേ ഹ്യൂമനോയ്ഡ് റോബോട്ട് വഴി കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ വരൂ എന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
Chinese scientists are developing technology for humanoid robots to ‘give birth’ using an artificial uterus. The project is led by Kaiwa Technology in Guangzhou.