ഗ്രഹണി പിടിച്ച കുട്ടിയുടെ കൊതിപറച്ചിൽ പോലെയാണ് ഓൺലൈനും അല്ലാത്തതുമായ മാധ്യമങ്ങൾക്ക് അബുദാബി ബിഗ് ടിക്കറ്റ് വാർത്തകൾ. അതുകൊണ്ടുതന്നെ 10000 ദിർഹംസ് മുതൽ സമ്മാനം ലഭിക്കുന്നവരുടെ വാർത്തകൾ വെണ്ടയ്ക്കയാകുന്നു. ഇതിന് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണുള്ളത്. ആ ദോഷം നന്നായി അനുഭവിച്ചിരിക്കുകയാണ് മലയാളിയും ബിഗ് ടിക്കറ്റ് വിജയയിയുമായ കബീർ.

ദുബായിൽ മീറ്റ് ഷോപ്പ് ജീവനക്കാരനായ കബീറിന് 50000 ദിർഹംസ് (ഏതാണ്ട് 12 ലക്ഷം രൂപ) ആണ് ബിഗ് ടിക്കറ്റിലൂടെ സമ്മാനമായി ലഭിച്ചത്. ഈ പന്ത്രണ്ട് ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്നവരുടെ വാർത്തകൾ, മലയാളിയാണെങ്കിൽപ്പോലും തലക്കെട്ടാക്കുന്നതിൽ വലിയ അനൗചിത്യമുണ്ട്. കേരളത്തിൽ വിവിധ ലോട്ടറികളിലായി ആഴ്ചയ്ക്കാഴ്ചയ്ക്ക് ഒരു കോടി വരെ സമ്മാനം അടിക്കുന്നവർ നിരവധിയാണ്. അത് വാർത്തയാക്കാൻ നിൽക്കാതെയാണ് കേരളത്തിലെ മാധ്യമങ്ങൾ യുഎഇയിലെ ലക്ഷം സമ്മാനക്കാരുടെ പിന്നാലെ കൂടുന്നത്. അതവിടെ നിൽക്കട്ടെ.
കബീറിലേക്കു വരാം. മിക്ക ബിഗ് ടിക്കറ്റ് ഭാഗ്യാന്വേഷകരുടെ പോലെത്തന്നെ ഒറ്റയ്ക്കല്ല കബീർ ടിക്കറ്റെടുത്തത്, കൂട്ടമായാണ്. കൃത്യമായി പറഞ്ഞാൽ ആറു പേർ ചേർന്ന്. ആറു പേർ ചേർന്നെടുത്ത ടിക്കറ്റ് ആയതുകൊണ്ടുതന്നെ സമ്മാനത്തുക പങ്കുവെയ്ക്കണം. 50000 ദിർഹംസ് ഇങ്ങനെ പങ്കുവെയ്ക്കുമ്പോൾ കബീറിനു ലഭിക്കുക 8,333 ദിർഹംസ് മാത്രമാണ് (ഏതാണ്ട് രണ്ട് ലക്ഷം രൂപ).
ഈ രണ്ടു ലക്ഷം രൂപ സമ്മാനമായി ലഭിച്ചതിന്റെ പരിണിത ഫലങ്ങൾ നോക്കാം. കബീറിന്റെ കേരളത്തിലെ വീട്ടിലേക്ക് നിർത്താതെയുള്ള ഫോൺ വിളികൾ എത്തുന്നു. ഫോൺ വിളികൾ മാറി പിന്നെ നേരിട്ട് സന്ദർശകരെത്തുന്നു. ഒടുവിൽ സഹികെട്ട് വീട്ടുകാർക്ക് ബന്ധുവീട്ടിലേക്ക് മാറേണ്ടി വരുന്നു. ദുബായിലെ ജോലിസ്ഥലത്ത് മലയാളികൾ തടിച്ചുകൂടുന്നു. ഇവരിൽ ചിലരുടെ ധാരണ കബീറിന് ജാക്പോട്ട് അടിച്ചു എന്നാണ്. 50000 ദിർഹംസ് സമ്മാനം ഒറ്റയ്ക്കടിച്ചു എന്നു കരുതി അഭിനന്ദിക്കാൻ എത്തുന്നവരും കുറവല്ല.
തനിക്ക് ജാക്പോട്ട് അടിച്ചിട്ടില്ല എന്ന് എത്ര പറഞ്ഞിട്ടും കേൾക്കുന്നവർ വിശ്വസിക്കുന്നില്ല എന്ന് കബീർ പരാതിപ്പെടുന്നു. ഗ്രഹണി പിടിച്ച കുട്ടികളെപ്പോലെ മാധ്യമങ്ങളും ജനങ്ങളും ‘ജാക്പോട്ടുകാരനു’ പിന്നാലെ കൂടുന്നു. അടുത്ത 50000 ദിർഹംസിന്റെ ‘ജാക്പോട്ട്’ തലക്കെട്ട് വന്നാലും വിശദീകരണങ്ങൾ കൊണ്ട് കബീർ ബുദ്ധിമുട്ടും എന്നുറപ്പാണ്.
A Malayali man in Dubai wins the Big Ticket lottery but faces unwanted attention and harassment from media and people, turning his fortune into a problem.