2025-26 അക്കാഡമിക് വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് പദ്ധതി (Reliance Foundation Scholarships 2025-26). രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുക. 5000 ബിരുദ വിദ്യാർഥികൾക്ക് രണ്ട് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്, 100 ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 6 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് എന്നിങ്ങനെയാണ് ലഭിക്കുക. 2025 ഒക്ടോബർ നാലാണ് അപേക്ഷ സമർപിക്കേണ്ട അവസാന തീയതി. https://scholarships.reliancefoundation.org/ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളർഷിപ്പ് പദ്ധതികളിലൊന്നാണ് റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് പദ്ധതി. വികസിത ഭാരതമെന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായാണ് സ്കോളർഷിപ്പ് നൽകുന്നതെന്ന് റിലയൻസ് ഫൗണ്ടേഷൻ പ്രതിനിധി അറിയിച്ചു. 2024ൽ കേരളത്തിൽ നിന്നുള്ള 226 വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അർഹരായിരുന്നു. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാകും സ്കോളർഷിപ്പിനായുള്ള തിരഞ്ഞെടുപ്പ്.
ബിരുദ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പിനായി ബിരുദ കോഴ്‌സിന് ചേർന്ന ആദ്യവർഷ വിദ്യാർത്ഥികൾക്ക് അപേക്ഷികാകം. അതേസമയം, എൻജിനീയറിംഗ്, ടെക്‌നോളജി, എനർജി, ലൈഫ് സയൻസസ് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിലെ 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളർഷിപ്പ് ലഭിക്കുക. വിദ്യാർത്ഥികൾക്ക് പൂർണമായ പിന്തുണയും ഫണ്ടേഷൻ നൽകും.
സമൂഹത്തിനായി വലിയ രീതിയിൽ, ഹരിത കാഴ്ച്ചപ്പാടോടെയും ഡിജിറ്റലായും ചിന്തിക്കുന്ന വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതാണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളർഷിപ്പ്. ആറ് ലക്ഷം രൂപയാണ് പിജി സ്‌കോളർഷിപ്പായി ലഭിക്കുക. ദേശീയ വികസനത്തിനും ആഗോള പുരോഗതിക്കും സഹായിക്കുന്ന തരത്തിലുള്ള ഗവേഷണങ്ങളിൽ ഏർപ്പെടാൻ വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയും റിലയൻസ് ഫൗണ്ടേഷൻ നൽകും.
ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് ചേർന്ന ആദ്യവർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യത. വിദഗ്ധരുടെ മെന്റർഷിപ്പ്, നേതൃത്വ, നൈപുണ്യ വികസന പരിശീലനങ്ങൾ, സാമൂഹ്യ വികസനത്തിൽ പങ്കാളികളാകാനുള്ള അവസരങ്ങൾ തുടങ്ങിയ കാര്യങ്ങളും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കും.
2022 ഡിസംബറിൽ, ധീരുഭായ് അംബാനിയുടെ 90ആം ജന്മവാർഷിക വേളയിൽ, യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി (Nita Ambani) പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌കോളർഷിപ്പ് നൽകുന്നത്. അതിന് ശേഷം ഓരോ വർഷവും 5000 ബിരുദ വിദ്യാർത്ഥികൾക്കും 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് നൽകിവരുന്നുണ്ട്.
രാജ്യത്തിന്റെ പുരോഗതി സാധ്യമാക്കാനുള്ള ഏറ്റവും മികച്ച മാർഗം യുവതലമുറയിൽ നിക്ഷേപിക്കുകയാണെന്ന റിലയൻസ് സ്ഥാപകൻ ധീരുബായ് അംബാനിയുടെ കാഴ്ചപ്പാടിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് റിലയൻസ് 29 വർഷമായി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകിവരുന്നത്. ഇതുവരെ 28000 സ്‌കോളർഷിപ്പുകളാണ് ഫൗണ്ടേഷൻ നൽകിയത്.
Reliance Foundation has opened applications for scholarships for the academic year 2025-26. UG and PG students can apply for grants up to ₹6 lakh.