ആലുവയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (Cochin international airport) വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ നീട്ടുന്നതുസംബന്ധിച്ച വിശദ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുന്നതിനുള്ള പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Systra MVA Consulting India Private Limited) ആണ് പദ്ധതിക്കായി ₹1.03 കോടി ചിലവിൽ ഡിപിആർ തയ്യാറാക്കുന്നത്.

ആറ് മാസത്തിനുള്ളിൽ ഡിപിആർ സമർപ്പിക്കാൻ കമ്പനിയോട് നിർദേശിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മെട്രോയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുകയും അങ്കമാലി വരെ നീട്ടുകയും ചെയ്യുക എന്ന ദീർഘകാല ആവശ്യം പൂർത്തീകരിക്കുന്നതിനുള്ള തുടക്കമാണ് ഈ പഠനമെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.
നിർദിഷ്ട പാത 17.5 കിലോമീറ്റർ നീളമുള്ളതായിരിക്കും. മെട്രോയുടെ ഒരു ഭാഗം ഭൂഗർഭ പാതയായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിപിആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിശദമായ ഫീൽഡ് ഇൻവെസ്റ്റിഗേഷൻ, സർവേകൾ, എഞ്ചിനീയറിംഗ് പഠനം എന്നിവ നടത്തും. കേന്ദ്ര ഭവന നഗര വികസന മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായ പദ്ധതിയിൽ നിന്നാണ് പഠനച്ചിലവ് അനുവദിച്ചിരിക്കുന്നത്.
അതേസമയം, ആലുവയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ നീട്ടുന്നതിനുള്ള സാധ്യതാ പഠനം നടത്തുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങളും കെഎംആർഎൽ ആരംഭിച്ചിട്ടുണ്ട്. വിപുലീകരണം പൂർത്തിയായാൽ ഗതാഗതക്കുരുക്കില്ലാതെ ആളുകൾക്ക് വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കുമെനന്ന് മെട്രോ പ്രതിനിധി അറിയിച്ചു.
A detailed project report (DPR) study has started for the extension of the Kochi Metro from Aluva to Angamaly via the airport.