ഫിലിപ്പീൻസിലേക്കുള്ള അരി കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ. നിലവിൽ ലോകത്തിലെതന്നെ ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഫിലിപ്പീൻസ്. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യൻ കയറ്റുമതി സംഘം അടുത്ത മാസം ഫിലിപ്പീൻസ് സന്ദർശിക്കും.
നിലവിൽ കാർഷികോൽപ്പന്ന കയറ്റുമതിയിൽ ഇന്ത്യയുടെ പ്രധാന വിപണിയാണ് ഫിലിപ്പീൻസ്. 2024ൽ ഇന്ത്യ ഫിലിപ്പീൻസിലേക്ക് 413 മില്യൺ ഡോളറിന്റെ കാർഷിക ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇത് ഫിലിപ്പീൻസിന്റെ മൊത്തം കാർഷിക ഇറക്കുമതിയുടെ ഏകദേശം 2 ശതമാനമാണ്. മാംസം, നിലക്കടല, അരി, പുകയില എന്നിവയാണ് ഫിലിപ്പീൻസിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി.
2024ൽ ഫിലിപ്പീൻസ് ഏകദേശം 20 ബില്യൺ ഡോളറിന്റെ കാർഷിക ഉൽപന്നങ്ങളാണ് ആകെ ഇറക്കുമതി ചെയ്തത്. സെമി-മിൽഡ് റൈസ്, ഗോതമ്പ്, മെസ്ലിൻ, ഓയിൽകേക്ക്, ഫുഡ് പ്രിപ്പറേഷൻസ്, പാം ഓയിൽ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഇറക്കുമതികൾ ഉൾപ്പെടെയാണിത്.
കഴിഞ്ഞ വർഷം 2.52 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള അരിയാണ് ഫിലിപ്പീൻസ് ആകെ ഇറക്കുമതി ചെയ്തത്. എന്നാൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യയുടെ (2024–25ൽ 11.83 ബില്യൺ ഡോളർ മൂല്യം), ഫിലിപ്പീൻസിലേക്കുള്ള അരി കയറ്റുമതി വെറും 48.91 മില്യൺ ഡോളറിൽ ഒതുങ്ങുന്നു. ഈ സാഹചര്യത്തിൽ, ഫിലിപ്പീൻസിലേക്കുള്ള ഇന്ത്യയുടെ അരി കയറ്റുമതി വികസിപ്പിക്കാൻ വലിയ അവസരമുണ്ടെന്നും ഇതിനായാണ് പുതിയ ശ്രമമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
India is seeking to increase its rice exports to the Philippines, the world’s largest rice importer, to expand its agricultural trade market.