റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) ടെലികോം വിഭാഗമായ റിലയൻസ് ജിയോയുടെ (Reliance Jio) പ്രഥമ ഓഹരി വിൽപന (IPO) അടുത്ത വർഷം നടക്കും. ആർഐഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
റിലയൻസ് ജിയോ ഐപിഓയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി വരികയാണ്. 2026ലെ ആദ്യ പകുതിയിൽ ജിയോ ലിസ്റ്റ് ചെയ്യപ്പെടും. ജിയോ വിദേശ കമ്പനികളുടേതിന് സമാനമായ മൂല്യം കൈവരിക്കുമെന്നും, അതിന്റെ തെളിവാകും ഈ ഐപിഓയെന്നും ആർഐഎൽ 48ആമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവേ മുകേഷ് അംബാനി പറഞ്ഞു.
എല്ലാ നിക്ഷേപകർക്കും ഏറ്റവും മികച്ചതും ആകർഷകവുമായ അവസരമായിരിക്കും ജിയോയുടെ ഐപിഒ എന്നും മുകേഷ് അംബാനി വ്യക്തമാക്കി. ജിയോ വിദേശത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിയോ ഏകദേശം 52,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കാൻ ഒരുങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ജിയോയുടേതെന്ന് വിലയിരുത്തപ്പെടുന്നു.
Mukesh Ambani confirms Reliance Jio’s IPO in early 2026. Jio aims for global value and AI innovation, marking India’s biggest-ever IPO.