സാധാരണക്കാർക്കും സംരംഭങ്ങൾക്കും ആശ്വാസമായി ചരക്ക്-സേവന നികുതി (GST) പരിഷ്കരണം. സ്ലാബുകൾ വെട്ടിക്കുറച്ചും നിരക്കുകൾ താഴ്ത്തിയുമാണ് ജിഎസ്ടി കൗൺസിലിന്റെ (GST Council) ആശ്വാസമെത്തുന്നത്. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നിലവിൽ നാല് തലങ്ങളിലുള്ള നികുതി ഘടനയ്ക്ക് പകരം 5, 18 ശതമാനം എന്നിങ്ങനെ ലളിതമായ ടൂ-സ്ലാബ് സംവിധാനം ഏർപ്പെടുത്തുന്നതിനും തിരഞ്ഞെടുത്ത ഇനങ്ങൾക്ക് പ്രത്യേക 40 ശതമാനം സ്ലാബ് ഏർപ്പെടുത്തുന്നതിനുമാണ് ജിഎസ്ടി കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരിക്കുന്നത്. പുതുക്കിയ ജിഎസ്ടി നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

GST Reform India 2025

പരിഷ്കരണത്തോടെ വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി നിലവിലെ 18 ശതമാനത്തിൽനിന്ന് പൂജ്യമാകും. നിരവധി നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പരിഷ്കരണത്തോടെ കുറവുണ്ടാകും. പനീർ, റൊട്ടി, പറാത്ത എന്നിവയുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. വെണ്ണ, നെയ്യ്, കണ്ടൻസ്ഡ് മിൽക്ക്, ചീസ്, ഡ്രൈ ഫ്രൂട്ട്‌സ്, ജാം, ജെല്ലികൾ, മിഠായി, ഐസ്ക്രീം, പേസ്ട്രി, ബിസ്‌ക്കറ്റ്, കോൺ ഫ്ലേക്‌സ്, ധാന്യങ്ങൾ എന്നിവയ്ക്ക് 12–18 ശതമാനത്തിന് പകരം 5 ശതമാനം ജിഎസ്ടിയാണ് ഈടാക്കുക. ഇതിനു പുറമേ കാർഷിക മേഖലയിലും നികുതിയിളവ് ഗുണം ചെയ്യും. കാർഷിക ഉപകരണങ്ങൾ, ട്രാക്ടറുകൾ, മണ്ണ് തയ്യാറാക്കൽ യന്ത്രങ്ങൾ തുടങ്ങിയവയുടെ ജിഎസ്ടി 12ൽ നിന്ന് 5 ശതമാനമാക്കി.

അതേസമയം വാഹനവിപണിയെ, പ്രത്യേകിച്ച് ആഢംബര വാഹനങ്ങളെ നികുതിപരിഷ്കരണം പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്. 1200 സിസിക്ക് മുകളിലുള്ള പെട്രോൾ എഞ്ചിനുകളോ 1500 സിസിക്ക് മുകളിലുള്ളതും 4,000 മില്ലിമീറ്ററിൽ കൂടുതൽ നീളമുള്ളതുമായ ഡീസൽ എഞ്ചിനുകളുള്ള കാറുകൾ, 350 സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകൾ, റേസിംഗ് കാറുകൾ തുടങ്ങിയവയ്ക്ക് 40 ശതമാനം ജിഎസ്ടി ബാധകമാകും. എനെർജി ഡ്രിങ്കുകൾ, പഞ്ചസാര പാനീയങ്ങൾ എന്നിവയ്ക്കൊപ്പം പുകയില ഉത്പന്നങ്ങളുടേയും വില കൂടും.

ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാനുള്ള ജിഎസ്ടി കൗൺസിൽ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാഗതം ചെയ്തു. നിത്യജീവിതം, വ്യാപാരം എന്നിവ എളുപ്പമാക്കുന്നതിനുള്ള കൂട്ടായ നടപടിയാണിതെന്നും പരിഷ്കാരങ്ങൾ കർഷകർ, എംഎസ്എംഇകൾ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഘടനാപരമായ പരിഷ്കരണം ലക്ഷ്യമിട്ടാണ് മാറ്റങ്ങളെന്നും നിത്യജീവിതത്തിന്റെ ഭാഗമായ നിരവധി ഉത്പന്നങ്ങളുടെ വില കുറയുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ജിഎസ്ടി നിരക്കുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഐക്യകണ്ഠേന എടുത്തതാണെന്നും ഒരു സംസ്ഥാനവും പരിഷ്കരണങ്ങളെ എതിർത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version