ഇന്ത്യയിലെ ആദ്യ കാർ ഡെലിവെർ ചെയ്ത് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇവി നിർമാതാക്കളായ ടെസ്ല (Tesla). ഇന്ത്യയിൽ ആദ്യ ഷോറൂം ആരംഭിച്ച് മോഡൽ വൈ (Model Y) പുറത്തിറക്കി ഒരു മാസത്തിന് ശേഷമാണ് ആദ്യ കാർ നിരത്തിലിറങ്ങുന്നത്. മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായികാണ് ഇന്ത്യയിലെ ആദ്യ ടെസ്ല മോഡൽ വൈ സ്വന്തമാക്കിയിരിക്കുന്നത്.
മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള ടെസ്ല എക്സ്പീരിയൻസ് സെന്ററിൽ നിന്നാണ് മന്ത്രി മോഡൽ വൈ ഏറ്റുവാങ്ങിയത്. ഇന്ത്യയിലെ ആദ്യ ടെസ്ല സ്വന്തമാക്കിയതിൽ അതിയായ സന്തോഷമുണ്ടെന്നും പേരക്കുട്ടിക്കുള്ള സമ്മാനമായാണ് വാഹനം വാങ്ങിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം മന്ത്രി വാങ്ങിയ കാർ സാധാരണ മോഡലാണോ ലോങ് റേഞ്ച് മോഡലാണോ എന്ന് വ്യക്തമല്ല. RWD മോഡലിന് 59.89 ലക്ഷം രൂപ മുതലും ലോങ് റേഞ്ച് RWD മോഡലിന് 67.89 ലക്ഷം രൂപ മുതലുമാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

ഇന്ത്യയിൽ ഇതുവരെ ടെസ്ലയ്ക്ക് 600 ബുക്കിങ്ങുകളാണ് ലഭിച്ചത്. ഈ വർഷം 350നും 500നും ഇടയിൽ കാറുകൾ ഇന്ത്യയിലേക്ക് അയയ്ക്കാൻ ടെസ്ല പദ്ധതിയിടുന്നതായും ഇതിൽ ആദ്യ ബാച്ച് സെപ്റ്റംബർ ആദ്യം ചൈനയിൽ നിന്ന് എത്തുമെന്നുമാണ് റിപ്പോർട്ട്.
Maharashtra Transport Minister Pratap Sarnaik becomes the first owner of a Tesla Model Y in India, receiving the car a month after its launch.