സുസ്ഥിര-പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര രംഗത്ത് കേരളം അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ-ടൂറിസം കേന്ദ്രമായ തെന്മല മുതൽ സുസ്ഥിര ടൂറിസം രംഗത്ത് ലഭിച്ച ആഗോള അംഗീകാരങ്ങൾ വരെ, കേരളത്തിന്റെ സുസ്ഥിര വിനോദസഞ്ചാര വികസനത്തിന്റെ തെളിവാണ്. ഇത്തരത്തിൽ, സുസ്ഥിരതയിലും പരിസ്ഥിതി സൗഹാർദത്തിലും ഊന്നിയുള്ള രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ നോക്കാം.

തെന്മല, കേരളം
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി ടൂറിസം കേന്ദ്രമാണ് പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന തെന്മല (Thenmala). പ്രകൃതിസൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന സർക്കാർ നിയന്ത്രണ മേഖലയാണ് ഇത്. പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്ന എല്ലാ നടപടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സൗരോർജ്ജം, ജലസംരക്ഷണം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയുടെ വികസനമാണ് ഇതിൽ പ്രധാനം.
മൂന്നാർ, കേരളം
പശ്ചിമഘട്ടത്തിലെ മറ്റൊരു പരിസ്ഥിതി സൗഹൃദ കേന്ദ്രമാണ് മൂന്നാർ (Munnar). വിശാലമായ തേയിലത്തോട്ടങ്ങളും സസ്യ-വന്യജീവി ആവാസവ്യവസ്ഥയും മൂന്നാറിനെ വേറിട്ടതാക്കുന്നു. പ്രകൃതിയുടെയും സുസ്ഥിര ടൂറിസത്തിന്റെയും സഹവർത്തിത്വം പ്രകടമാക്കുന്ന വൈവിധ്യമാർന്ന പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവർത്തനങ്ങളാണ് ഗവൺമെന്റ് ഇവിടെ നടപ്പിലാക്കുന്നത്.
മാവ്‌ലിനോങ്, മേഘാലയ
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പദവിയുള്ള കേന്ദ്രമാണ് മാവ്‌ലിനോങ് (Mawlynnong). ശുചിത്വത്തിനൊപ്പം പരിസ്ഥിതി സൗഹൃദ രീതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമൂഹമാണ് ഇവിടെ. പ്ലാസ്റ്റിക് നിരോധനം, ശക്തമായ മാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയവയിലൂടെ മേഘാലയ ടൂറിസം പരിസ്ഥിതി സൗഹാർദ രീതി നിലനിർത്തുന്നു. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ജലാശയം എന്ന പേരുകേട്ട ഡോക്കി തടാകം (Dawki Lake) ഈ പ്രദേശത്താണ്.
സിക്കിം
ഇന്ത്യയിലെ ആദ്യ ഫുള്ളി ഓർഗാനിക് സംസ്ഥാനമാണ് സിക്കിം (Sikkim). രാസ കീടനാശിനികളുടെയും വളങ്ങളുടെയും ഉപയോഗം ഇല്ലാതാക്കിയ സംസ്ഥാനം പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനും ഊന്നൽ നൽകുന്നു. പെല്ലിംഗ് (Pelling), നാംചി (Namchi), റവാംഗ്‌ല (Ravangla), ദക്ഷിണ സിക്കിം (South Sikkim) തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.
സ്പിതി വാലി, ഹിമാചൽ പ്രദേശ്
സുസ്ഥിരതയിലും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിലും പേരുകേട്ട കേന്ദ്രമാണ് സ്പിതി വാലി (Spiti Valley). പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് സംഭാവന നൽകുന്ന സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾ, പ്രകൃതിയോട് ഇണങ്ങിയ ട്രെക്കിങ്ങുകൾ, ക്യാമ്പിങ് തുടങ്ങിയവ സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
Explore India’s best eco-friendly tourism hubs like Thenmala, Munnar, Sikkim & Spiti Valley—leading the way in sustainable travel and green tourism practices.
