ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിലെ ഐതിഹാസിക മോഡലാണ് യമഹ ആർഎക്സ് 100. ഇപ്പോൾ ആർഎക്സിന്റെ പുതിയ രൂപവുമായി യമഹ എത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ‘ആർഎക്സ്’ ബാഡ്ജിൽ ഒരുക്കുന്ന പുതിയ ബൈക്കിന് പഴയ ലുക്കും പുതിയ ഫീച്ചേർസുമാണ് യമഹ നൽകുകയെന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആർഎക്സിന്റെ പുതിയ പതിപ്പ് ഇറങ്ങുന്ന തിയതിയോ മറ്റ് വിവരങ്ങളോ യമഹ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ പതിപ്പ് ഇറങ്ങുമോ എന്നുള്ളതിനു പോലും ശരിയായ വിശദീകരണങ്ങൾ ലഭ്യമല്ല.

ക്ലാസിക് ഡിസൈനിൽ പവർഫുൾ പെർഫോർമൻസാണ് പുതിയ ആർഎക്സിലൂടെ യമഹ ലക്ഷ്യംവെയ്ക്കുന്നതെന്ന് ‘അഭ്യൂഹക്കാർ’ പറയുന്നു. സ്റ്റൈലിഷ് റീട്ട്രോ ലുക്ക് നിലനിർത്തിക്കൊണ്ടുതന്നെ മോഡേർൺ ഫീച്ചേർസ് കൊണ്ടുവരാനാണ് യമഹയുടെ ശ്രമമത്രേ. എൽഇഡി ഹെഡ്ലൈറ്റുകൾ, ഡിജിറ്റൽ അനലോഗ് കൺസോൾ, സ്റ്റൈലിഷ് അലോയ് വീൽ തുടങ്ങിയ സവിശേഷതകൾ ബൈക്കിനുണ്ടാകും എന്നും റിപ്പോർട്ടുണ്ട്. 125 മുതൽ 150 സിസി വരേയുള്ള ബിഎസ് 6 എഞ്ചിനുകളിലാണ് പുതിയ ആർഎക്സ് എത്തുക എന്നു ചിലർ പറയുമ്പോൾ ചില മലയാളം മാധ്യമങ്ങൾ അടക്കം 250 സിസി എഞ്ചിനിൽ പുതിയ ആർഎക്സ് എത്തും എന്നും റിപ്പോർട്ട് ചെയ്യുന്നു.