തുറമുഖാധിഷ്ഠിത വ്യാവസായിക വികസനം ഊർജിതമാക്കാൻ സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (Vizhinjam International Seaport Ltd-VISL) ഉൾപ്പെടെയുള്ള പ്രധാന ഏജൻസികളോടും വ്യവസായ വകുപ്പിനോടും ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിർദേശം നൽകി.

തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നിവിടങ്ങളിലായി കുറഞ്ഞത് 3,000 ഏക്കർ ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനാണ് സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്നത്. വിഴിഞ്ഞം ഇടനാഴിക്ക് സമീപം വ്യാവസായിക വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളുമായി തമിഴ്‌നാട് ഇതിനകം മുന്നോട്ട് പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളവും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രമം നടത്തുന്നത്. വ്യാവസായിക വികസനത്തിനായി ഇതുവരെ നീക്കിവെച്ച ഭൂമിയുടെ വിശദാംശങ്ങളും യോഗത്തിൽ വെളിപ്പെടുത്തി. വിഐഎസ്എൽ ഇതുവരെ 500 ഏക്കർ ഭൂമിയും കിൻഫ്ര 300 ഏക്കർ ഭൂമിയും കണ്ടെത്തിയിട്ടുണ്ട്.
അന്തിമ നിബന്ധനയില്ലെങ്കിലും, തിരിച്ചറിഞ്ഞ ഭൂമിയെക്കുറിച്ച് സർക്കാരിനെ അറിയിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമുള്ള വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾക്കായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൺസൾട്ടന്റിനെ നിയമിക്കുന്നതിന് സർക്കാർ നേരത്തെ 1.83 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
Kerala government fast-tracks land acquisition for the Vizhinjam industrial corridor, aiming to boost port-led development and secure its economic future.