വ്യവസായിയും സോന കോംസ്റ്റാർ (Sona Comstar) ചെയർമാനുമായ സഞ്ജയ് കപൂറിന്റെ (Sunjay Kapur) മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട 30,000 കോടിയുടെ സ്വത്ത് തർക്കം രൂക്ഷമായിരിക്കുകയാണ്. സഞ്ജയ്‌യുടെ രണ്ടാം ഭാര്യയും ബോളിവുഡ് താരവുമായ കരിഷ്മ കപൂറിന്റെ (Karisma Kapoor) മക്കൾ സ്വത്തിൽ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതോടൊപ്പം അദ്ദേഹത്തിന്റെ മാതാവ് റാണി കപൂറും വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്ത് കോടതിയിലെത്തി.
സഞ്ജയ് കപൂർ എഴുതിയ വിൽപത്രത്തിന്റെ സാധുതയെച്ചൊല്ലിയാണ് തർക്കം. സഞ്ജയിയുടെസ്വത്തുക്കളിൽ തങ്ങളുടെ ന്യായമായ വിഹിതം ആവശ്യപ്പെട്ടാണ് കരിഷ്മയും മക്കളും ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കരിഷ്മ കപൂറിന്റെയും സഞ്ജയ് കപൂറിന്റെയും മകളും പ്രായപൂർത്തിയാകാത്ത മകനുമാണ് ഹർജിക്കാർ.
സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ പ്രിയ കപൂർ സഞ്ജയിയുടെ സ്വത്തുക്കളുടെ പൂർണ നിയന്ത്രണം നേടുന്നതിനായി അദ്ദേഹത്തിന്റെ വിൽപത്രം വ്യാജമായി നിർമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. പിതാവിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ സ്വത്തുക്കളെക്കുറിച്ച് തങ്ങൾക്ക് പൂർണ വിവരങ്ങൾ ഇല്ലായിരുന്നുവെന്ന് കരിഷ്മയുടെ മക്കൾ ഹർജിയിൽ പറയുന്നു. പ്രിയ കപൂർ വിശദാംശങ്ങൾ മറച്ചുവെച്ച് സ്വത്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്താതിരുന്നതായും അവർ ആരോപിക്കുന്നു. അതേസമയം വിൽപത്രം സാധുവാണെന്നും കേസ് ഫയൽ ചെയ്യുന്നതിന് ദിവസങ്ങൾക്കു മുൻപ് കുട്ടികൾക്ക് ഫാമിലി ട്രസ്റ്റിൽ നിന്ന് 1900 കോടി രൂപ നൽകിയിട്ടുണ്ടെന്നും പ്രിയ കപൂറിന്റെ അഭിഭാഷകൻ വാദിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി കരിഷ്മയ്ക്ക് സഞ്ജയ്‌യുമായി യാതൊരു ബന്ധവുമില്ലെന്നും അഭിഭാഷകൻ വഴി പ്രിയ അറിയിച്ചു.
സഞ്ജയ്‌യുടെ അമ്മ റാണി കപൂറും വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. മകന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച റാണി, സ്വത്ത് വകകളിൽ നിന്ന് തന്നെ പൂർണമായും ഒഴിവാക്കിയതായും വാദമുന്നയിക്കുന്നു. വിൽപത്രവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും റാണി കപൂറിനെ അറിയിച്ചിട്ടില്ലെന്ന് റാണിയുടെ അഭിഭാഷകൻ ആരോപിക്കുന്നു. വിൽപത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് റാണി നിരവധി ഇമെയിലുകൾ അയച്ചുവെങ്കിലും യാതൊരു മറുപടിയു ലഭിച്ചില്ലെന്നും അഭിഭാഷകൻ പറഞ്ഞു
The battle over businessman Sunjay Kapur’s Rs 30,000 crore estate intensifies as his mother and children from Karisma Kapoor challenge his will.