യൂറോപ്യൻ യൂണിയന്റെയും 17 യൂറോപ്യൻ രാജ്യങ്ങളുടെയും അംബാസഡർമാരും മുതിർന്ന നയതന്ത്രജ്ഞരും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിച്ചു. ബ്ലൂ ഇക്കോണമി പദ്ധതിയുടെ ഭാഗമായി ആഗോള വ്യാപാരത്തിന്റെ സുപ്രധാന കവാടമായും സുസ്ഥിര സമുദ്ര വികസനത്തിന്റെ പ്രധാന പങ്കാളിയായും മാറുന്ന വിഴിഞ്ഞത്തിന്റെ കഴിവിൽ ശക്തമായ അന്താരാഷ്ട്ര താത്പര്യം പ്രകടമാക്കുന്നതായിരുന്നു ഈ സന്ദർശനം.

ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഹംഗറി, ഇറ്റലി, മാൾട്ട, നെതർലാൻഡ്സ്, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, സ്ലൊവീനിയ, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പോർട്ട് സന്ദർശിച്ചത്. തുറമുഖത്തിന്റെ തന്ത്രപരമായ സവിശേഷതകളെയും ഭാവി പദ്ധതികളെയും കുറിച്ചുള്ള പ്രസന്റേഷന് വിഴിഞ്ഞം ഇൻറർനാഷനൽ സീപോർട്ട് ലിമിറ്റഡ് (VISL) മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്., അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ. ശ്രീ. പ്രദീപ് ജയരാമൻ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖം എന്ന നിലയിൽ, ഒരു പ്രധാന ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറാൻ വിഴിഞ്ഞം തയ്യാറെടുക്കുകയാണ്. ഐഐടി-മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പ്രവർത്തിക്കുന്ന വെസൽ ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം, തത്സമയ ട്രാക്കിംഗ്, അതിവേഗം കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള നൂതന സാങ്കേതികവിദ്യ എന്നിവ വിദേശപ്രതിനിധികൾ കണ്ടു മനസ്സിലാക്കി.
എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും സാമൂഹിക വികസനത്തിനുമുള്ള വിഴിഞ്ഞത്തിന്റെ പ്രതിബദ്ധതയും നയതന്ത്ര പ്രതിനിധികളെ ആകർഷിച്ചു. ഏകദേശം 2,980 പ്രദേശവാസികൾക്കായി 114 കോടി രൂപ നഷ്ടപരിഹാരം നൽകിയതും 250 കോടി രൂപ ചെലവിൽ ആധുനിക മത്സ്യബന്ധന ഹാർബർ നിർമ്മിക്കുന്നതടക്കമുള്ള സുപ്രധാന പ്രാദേശിക നിക്ഷേപങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. 1,221 മത്സ്യത്തൊഴിലാളികൾക്കുള്ള സൗജന്യ മണ്ണെണ്ണ വിതരണം, പുതിയ സീഫുഡ് പാർക്ക്, നവീകരിച്ച സാമൂഹികാരോഗ്യ കേന്ദ്രം, 1,400-ൽ അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്.
തുറമുഖത്തിന്റെ സുസ്ഥിരതാ മാർഗ്ഗരേഖയായിരുന്നു ചർച്ചയിലെ മറ്റൊരു പ്രധാന വിഷയം. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാവി പദ്ധതികൾ, എൽ.എൻ.ജി., മറ്റ് ശുദ്ധമായ സമുദ്ര ഇന്ധനങ്ങൾ എന്നിവയുടെ പ്രോത്സാഹനം, പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ രൂപരേഖ അവതരിപ്പിച്ചു. ഈ സംരംഭങ്ങൾ ഇന്ത്യയുടെ “ഗ്രീൻ ഷിപ്പിംഗ് വിപ്ലവം” എന്ന ലക്ഷ്യവുമായി ചേർന്നുപോകുന്നതാണ്. മാനവവിഭവശേഷി വികസനത്തിലെ പുതിയ കാൽവെപ്പെന്ന നിലയിൽ, കേരളത്തിൻ്റെ ‘അസാപ്’ (ASAP) പ്രോഗ്രാമിലൂടെ, വിഴിഞ്ഞം തുറമുഖത്ത് അത്യാധുനിക ഓട്ടോമേറ്റഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതിനായി വനിതകളെ പരിശീലിപ്പിക്കുകയും നിയമിക്കുകയും ചെയ്യുന്നുണ്ട്.
വിശദമായ യോഗത്തിന് ശേഷം, വെസൽ ട്രാഫിക് മാനേജ്മന്റ് സിസ്റ്റം (VTMS) സെന്റർ, പ്ലാനിംഗ് റൂം, ക്രെയിൻ ഓപ്പറേഷൻ സെന്റർ, പ്രധാന ബെർത്ത് എന്നിവയുൾപ്പെടെ തുറമുഖത്തെ പ്രധാന പ്രവർത്തന മേഖലകളിൽ പ്രതിനിധി സംഘം സന്ദർശനം നടത്തി. തുറമുഖത്തിന്റെ സാങ്കേതിക മുന്നേറ്റങ്ങൾ, സാമൂഹിക പ്രതിബദ്ധത, ഹരിത ഊർജ്ജ പദ്ധതികൾ എന്നിവയിൽ അതീവ താത്പര്യം പ്രകടിപ്പിച്ച പ്രതിനിധി സംഘം ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
ഈ സന്ദർശനം, അന്താരാഷ്ട്ര തലത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തിന് അടിവരയിടുന്നു. സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയുടെ സമുദ്ര രംഗത്തെ ഭാവി രൂപപ്പെടുത്തുന്നതിലും വിഴിഞ്ഞത്തിനുള്ള നിർണ്ണായക പങ്ക് ഇത് ഉറപ്പിക്കുന്നു.
European Union and European Ambassadors Eye Vizhinjam International Seaport as a Key Partner in Global Trade and Green Maritime Initiatives. A high-level delegation of ambassadors and senior diplomats from the European Union and 17 European nations visited the Vizhinjam International Seaport today, signalling strong international interest in its potential as a pivotal gateway for global trade and a leader in sustainable maritime development under the Blue Economy initiative.