പ്രാരംഭ ഓഹരി വിൽപനയിലേക്ക് (IPO) കടക്കാനൊരുങ്ങി ഇൻഫോപാർക്ക് (Infopark). പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സമാഹരിച്ച് വളർച്ച വേഗത്തിലാക്കാനാണ് നീക്കം. ഐപിഒ റോഡ് മാപ്പിന്റെ ഭാഗമായി, ഇൻഫോപാർക്കിനെ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കം യാഥാർഥ്യമായാൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേരള സർക്കാർ സ്ഥാപനമായി ഇൻഫോപാർക്ക് മാറും.
മൂന്ന്, നാല് ഘട്ട വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ ഐപിഓയുമായി മുന്നോട്ട് പോകാനാണ് ഇൻഫോപാർക്ക് ലക്ഷ്യമിടുന്നത്. ഏതാനും വർഷങ്ങൾക്കകം ഐപിഒ അവതരിപ്പിക്കാനാണ് ഇൻഫോപാർക്ക് പദ്ധതിയിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ ചാരിറ്റബിൾ സൊസൈറ്റിയായാണ് പ്രവർത്തിച്ചുവരുന്നത്. ഭാവി സംരംഭങ്ങൾക്ക് ആവശ്യമായ വഴക്കം ഈ ഘടന ഇൻഫോപാർക്കിന് നൽകുന്നില്ല. ഐടി പാർക്കുകൾ ചാരിറ്റബിൾ സൊസൈറ്റികളല്ല എന്ന നിലപാട് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പോലും വളരെക്കാലമായി സ്വീകരിച്ചിട്ടുണ്ട്. അതിനാൽ, ഇൻഫോപാർക്കിനെ കമ്പനിയായി റജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി-പ്രതിനിധി പറഞ്ഞു.

സംയുക്ത സംരംഭങ്ങളിൽ പ്രവേശിക്കുന്നതിന് കമ്പനി ഘടന ആവശ്യമാണ്. ഭാവിയിൽ ഇൻഫോപാർക്കിന്റെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാൻ പദ്ധതിയിടുകയാണെങ്കിൽ, അതിന് കോർപ്പറേറ്റ് ഘടന ആവശ്യമായി വരും. കോർപ്പറേറ്റ് ഘടനയിലേക്കുള്ള മാറ്റം നികുതിയിൽ അനുകൂല സാഹചര്യം ഒരുക്കുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.
Infopark, Kochi, plans to convert into a corporate entity and launch an IPO to accelerate its expansion and become the first listed Kerala government firm.
