ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയ അധ്യായം സൃഷ്ടിക്കുന്നതിനായി സഹകരണപരമായ സമീപനം സ്വീകരിക്കാൻ ഇന്ത്യയും കാനഡയും. ഭീകരതയെയും രാജ്യാന്തര കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിൽ ഉൾപ്പെടെയാണ് ഇരുരാജ്യങ്ങളും അടുത്തു പ്രവർത്തിക്കുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലും കനേഡിയൻ പ്രതിനിധി നതാലി ഡ്രൗയിനും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് പുതിയ സഹകരണം.

2023ൽ സിഖ് വിഘടനവാദിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ നയതന്ത്ര തർക്കത്തെത്തുടർന്ന് കടുത്ത സംഘർഷത്തിലായ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും മുന്നോട്ടുള്ള വഴിയിൽ അടുത്തു പ്രവർത്തിക്കാനും ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയ അധ്യായത്തിനായി സഹകരണപരമായ സമീപനം സ്വീകരിക്കാനും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.