സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗം വർധിപ്പിച്ച് വിദേശ ഉത്പന്നങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ തലത്തിൽ തദ്ദേശീയ ഉത്പന്നങ്ങളിലേക്കുള്ള മാറ്റം ആരംഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഓഫീസ് ഉൽത്പാദനക്ഷമത ആപ്ലിക്കേഷനുകൾക്കായുള്ള തദ്ദേശീയ പ്ലാറ്റ്ഫോമായ സോഹോ (Zoho) സ്വീകരിക്കുന്നതായി വ്യക്തമാക്കിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം. വിദേശ ബദലുകൾക്ക് പകരം ആഭ്യന്തര ഉത്പന്നങ്ങളും സേവനങ്ങളും തിരഞ്ഞെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വദേശി സംരംഭം സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഡോക്യുമെന്റുകൾ, സ്പ്രെഡ്ഷീറ്റുകൾ, അവതരണങ്ങൾ എന്നിവയ്ക്കായുള്ള സ്വദേശി പ്ലാറ്റ്ഫോമായ സോഹോയിലേക്ക് മാറുകയാണ്. തദ്ദേശീയ ഉത്പന്നങ്ങളും സേവനങ്ങളും സ്വീകരിച്ചുകൊണ്ട് സ്വദേശി ആഹ്വാനത്തിൽ പങ്കുചേരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു-അദ്ദേഹം കുറിച്ചു.
മന്ത്രിയുടെ തീരുമാനത്തെ സോഹോ സിഇഒ ശ്രീധർ വെമ്പു (Sridhar Vembu) അഭിനന്ദിച്ചു. വൈഷ്ണവിന്റെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ വെമ്പു തന്റെ വികസന സംഘത്തിന് ഇത് വലിയ പ്രോത്സാഹനമാണെന്നും കൂട്ടിച്ചേർത്തു.
IT Minister Ashwini Vaishnaw announces he is switching to Zoho, an Indian platform, in support of PM Modi’s ‘Swadeshi’ vision to promote indigenous products.